ഫാസിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയവെല്ലുവിളിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

202

തിരുവനന്തപുരം : ഫാസിസമാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയവെല്ലുവിളിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ 101-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിനെതിരേ ശക്തമായ പോരാട്ടം നടത്തിയ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ധിരാഗാന്ധി നേരിട്ട സമാനസാഹചര്യമാണ് സമീപകാലത്ത് കേരളത്തിലുള്ളത്.

അയോദ്ധ്യയിലൂടെ ഉത്തരേന്ത്യയില്‍ ഹിന്ദു ഏകീകരണം നടപ്പിലാക്കിയ സംഘപരിവാര്‍ ശക്തികള്‍ ദക്ഷിണേന്ത്യയില്‍ ഹിന്ദു ഏകീകരണത്തിനുള്ള ദേശീയ അജണ്ടയായി ശബരിമല വിഷയത്തെ കാണുന്നു. ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്കെതിരേ നാം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ സംഘടിത മതേതരജനാധിപത്യ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ ഇന്ദിരാഗാന്ധി നിര്‍ണ്ണായക പങ്ക് വഹിച്ചു. രാജ്യത്തിന് സുശക്തമായ സമ്പദ് വ്യവസ്ഥ നല്‍കി. ബാങ്കുകളുടെ ദേശസാത്കരണം സാമ്പത്തിക വിപ്ലവം സൃഷ്ടിച്ചു. ആഗോളമാന്ദ്യം ഉണ്ടായപ്പോഴും അത് ഇന്ത്യയെ ബാധിക്കാതിരുന്നത് ഇന്ദിരയെന്ന ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ മേന്മയാണ്. എന്നാല്‍ മോദി ഭരണത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.

1966 ല്‍ രാജ്യം അഭിമുഖീകരിച്ച വെല്ലുവിളികളെ അതിജീവിച്ച് ഇന്ന് കാണുന്ന ഇന്ത്യയാക്കി വാര്‍ത്തെടുത്തത് ഇന്ദിരാഗാന്ധിയാണ്. അസാമാന്യ ഭരണപാടവമുള്ള നേതാവായിരുന്നു ഇന്ദിരാഗാന്ധി. ഗോവധനിരോധനവുമായി ബന്ധപ്പെട്ട് സന്യാസിമാര്‍ നടത്തിയ പ്രക്ഷോഭത്തെ ഇന്ദിരാഗാന്ധി നേരിട്ടത് അവരുടെ ഭരണമികവിന്റെ ഉദാഹരണമാണ്. സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഇന്ദിരാഗാന്ധി അശരണരുടെ അഭയകേന്ദ്രമായിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

NO COMMENTS