ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെയല്ല, അന്വേഷണ ഏജന്‍സിയെയാണ് മാറ്റേണ്ടതെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

220

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെയല്ല, അന്വേഷണ ഏജന്‍സിയെ ആണ് മാറ്റേണ്ടതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍. കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെക്കുറിച്ച്‌ പഠിച്ചിട്ട് പ്രതികരിക്കാമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതിനാല്‍ കേസ് സിബിഐക്ക് വിടാനുള്ള എല്ലാ വഴിയും തേടുമെന്നും രമേശ് ചെന്നിത്തല കാസര്‍കോട് പറഞ്ഞു.
ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. എറണാകുളത്തേക്കാണ് എസ്പിയെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.

കാസര്‍കോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെയും സ്ഥലം മാറ്റി. കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റം. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം പരാതി നല്‍കി. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്.

എന്നാല്‍ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം യാദൃശ്ചികമായ പ്രാദേശിക സംഭവമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പെരിയയിലെ സിപിഎം പൊതുയോഗത്തില്‍ വച്ച്‌ കഴിഞ്ഞ ദിവസം പറഞ്ഞത്. ലോക് സഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎമ്മിനെതിരെ പ്രചരണം നടത്തുന്നത്. ഒന്നു രണ്ട് പേര്‍ക്ക് സംഭവിച്ച വീഴ്ചയെ പാര്‍ട്ടിക്കതിരെ ഉപയോഗിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇതെന്നും വിജയരാഘവന്‍ ആരോപിച്ചിരുന്നു.

NO COMMENTS