അഭിമന്യുവിന് വേണ്ടി സിപിഎം പിരിച്ച പണം എന്ത് ചെയ്തു ; മുല്ലപ്പള്ളി രാമചന്ദ്രന്‍

164
Hop in for a free ride with

തൃശൂര്‍: സിപിഎം കച്ചവട പാര്‍ട്ടിയായി മാറിയെന്ന് ആരോപിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഭിമന്യുവിന് വേണ്ടി സിപിഎം പിരിച്ച പണം എന്ത് ചെയ്തുവെന്നും മുല്ലപ്പള്ളി ചോദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിരിവിനു പേരുകേട്ട പാര്‍ട്ടിയാണ്. ബക്കറ്റില്‍ കോടികള്‍ നിറയുന്നതിന്റെ രഹസ്യം കോടിയേരി വെളിപ്പെടുത്തണം. സി പി എം, പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സമ്ബന്നരെ നേരത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്തിനാണെന്നും മുല്ലപ്പള്ളി ചോദിച്ചു.

കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത് തരം താഴ്ന്ന പ്രസംഗമാണ്. കോണ്‍ഗ്രസിന്റെ ജനമഹാ യാത്രയുടെ വിജയം സി പി എമ്മിനെ വിറളി പിടിപ്പിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പണപ്പിരിവ് നടത്തുന്നത് സുതാര്യവും സത്യസന്ധവുമായാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് സമ്ബന്നന്‍ മാര്‍ക്കൊപ്പമല്ല.

ഒരു കച്ചവട സംഘമായി സിപിഎം മാറി. മുടങ്ങാത്ത പിരിവ് നടത്തുന്ന പാര്‍ട്ടി ആദര്‍ശ പ്രസംഗം നടത്തരുത്. കോടിയേരിയില്‍ നിന്ന് പ്രതീക്ഷിച്ചത് നിലവാരമുള്ള പ്രസംഗമാണ്. ശബരിമലയെ അയോധ്യ മാതൃകയിലാക്കണമെന്ന യോഗിയുടെ പ്രസംഗം അപകടകരമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം 20നും 25നും ഇടയില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശം. ജനമഹാ യാത്രയ്ക്കിടെ യോഗം ചേരും. പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കളെ അംഗീകരിക്കില്ലെന്നും കെ.പി ധനപാലന്‍ പരസ്യ പ്രസ്താവന നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

NO COMMENTS