ഷഹാബുദീന്‍ കേസുകളിലെ സാക്ഷികള്‍ ഉന്മൂലനം ചെയ്യപ്പെടുന്നുവെന്നു കോടതി

189

പട്ന • ബിഹാറിലെ മാഫിയാ തലവനും ആര്‍ജെഡി നേതാവുമായ മുഹമ്മദ് ഷഹാബുദീന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍, വിശദീകരണം നല്‍കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന ഷഹാബുദീന്റെ ആവശ്യം സുപ്രീം കോടതി തള്ളി. തുടര്‍വാദത്തിനു കേസ് നാളെ പരിഗണിക്കുമെന്നും ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും ജസ്റ്റിസുമാരായ പി.സി.ഘോഷ്, അമിത്വ റോയ് എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.
ഷഹാബുദീന്‍ പ്രതിയായ കേസുകളിലെ സാക്ഷികള്‍ ഉന്മൂലനം ചെയ്യപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, തന്റെ കക്ഷി മാധ്യമവിചാരണയുടെ ഇരയാവുകയാണെന്ന ഷഹാബുദീന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചില്ല. സിവാന്‍ ജില്ലയിലെ ചന്ദ്രകേശ്വര്‍ പ്രസാദ്, ഭാര്യ കലാവതി, ബിഹാര്‍ സര്‍ക്കാര്‍ എന്നിവരാണു ഷഹാബുദീനു ജാമ്യം അനുവദിച്ച പട്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ചന്ദ്രകേശ്വര്‍ പ്രസാദിന്റെ മൂന്ന് ആണ്‍മക്കളെ ഷഹാബുദീന്റെ സംഘം കൊലപ്പെടുത്തിയെന്ന കേസ് നിലവിലുണ്ട്. ഇതുള്‍പ്പെടെ ഷഹാബുദീനും സംഘവും പ്രതികളായ അനവധി കേസുകളിലെ സാക്ഷികളുടെ ജീവനു ഭീഷണിയുണ്ടെന്നു ചന്ദ്രകേശ്വര്‍ പ്രസാദിനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. ഷഹാബുദീനു ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ ബിഹാര്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.മികച്ച അഭിഭാഷകനെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താത്തതാണു ഷഹാബുദീനു ഹൈക്കോടതിയില്‍ ജാമ്യം ലഭിക്കാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഷഹാബുദീന്റെ സംഘം കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന പത്രപ്രവര്‍ത്തകനായ രാജ്ദേവ് രഞ്ജന്റെ ഭാര്യയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സിബിഐ ഏറ്റെടുത്ത കേസിന്റെ തുടര്‍നടപടികള്‍ ഡല്‍ഹിയിലേക്കു മാറ്റണമെന്നാണ് അവരുടെ ആവശ്യം.

NO COMMENTS

LEAVE A REPLY