എംപെഡെയുടെ സ്വയം പര്യാപ്ത പദ്ധതി കേന്ദ്ര വാണിജ്യ സെക്രട്ടറി റീത്ത തിവേതിയ ഉദ്ഘാടനം ചെയ്തു

454

കൊച്ചി: മത്സ്യകര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള മീന്‍ കുഞ്ഞുങ്ങളെ നല്‍കുന്നതിനായി മറൈന്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്മന്റ് അതോറിറ്റി (എംപെഡ) തുടങ്ങിയ സ്വയം പര്യാപ്ത പദ്ധതി കേന്ദ്ര വാണിജ്യ സെക്രട്ടറി റീത്ത തിവേതിയ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. എംപെഡയുടെ കീഴിലുള്ള വല്ലാര്‍പാടത്തെ ഹാച്ചറി പരിശീലന കേന്ദ്രത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം ജനിതക മികവ് വരുത്തിയ തിലോപിയ കുഞ്ഞുങ്ങളെയാണ് മത്സ്യകര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതിന് സഹായകരമാകുന്ന നഴ്‌സറിയും വല്ലാര്‍പാടത്തുണ്ടാകും. ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഏകീകൃത അന്താരാഷ്ട്ര ഗുണമേന്മയില്‍ കയറ്റുമതിയ്ക്കായുള്ള സമുദ്രോത്പന്നങ്ങള്‍ തയ്യാറാക്കണമെന്ന് റീത്ത തിവേതിയ പറഞ്ഞു. കൊച്ചിയിലെ എംപെഡ ആസ്ഥാനത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് പ്രത്യേകം പ്രത്യേകം ഗുണമേന്മയിലാണ് ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നത്. അതില്‍ നിന്നു മാറി ലോകത്തെ ഏതു രാജ്യത്തും ഉപയോഗിക്കാന്‍ പറ്റുന്ന ഗുണമേന്മയുള്ളതായി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി മാറണമെന്ന് അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാനുള്ള സംരംഭം ഈ ദിശയിലേക്കുള്ള മികച്ച കാല്‍വയ്പാണെന്നും അവര്‍ പറഞ്ഞു.

വല്ലാര്‍പാടത്തെ നിലവിലുള്ള മത്സ്യ നഴ്‌സറി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയതായി എംപെഡ ചെയര്‍മാന്‍ ഡോ എ ജയതിലക് പറഞ്ഞു. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിനോടടുത്ത് കണ്ടല്‍കാടുകള്‍ക്കിടയിലാണ് ഹാച്ചറിയും പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യങ്ങള്‍ ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ കര്‍ഷകന് കിട്ടാന്‍ സഹായകരമാകും. അതുവഴി മത്സ്യകയറ്റുമതിയില്‍ ഗുണമേന്മ വര്‍ധിപ്പിക്കാനും ഈ രംഗത്തെ കര്‍ഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ റീത്ത തിവേതിയകൊച്ചി സന്ദര്‍ശനവേളയില്‍ എംപെഡയിലെ ഇ-ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ആശംസ സന്ദേശം ഓഫീസ് പോര്‍ട്ടലിലൂടെ എപെഡ ചെയര്‍മാന്‍ ജയതിലകിന് അയച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. ദേശീയ ഇ ഗവേണന്‍സ് പദ്ധതിയോടനുബന്ധമായി കടലാസ് രഹിത ഓഫീസായി എംപെഡ മാറും. സ്‌പൈസസ് ബോര്‍ഡിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഓഫീസാകും എംപെഡ.

കേന്ദ്രവാണിജ്യ മന്ത്രാലയത്തിനു പോലും സാധിക്കാത്താണ് എംപെഡ നടപ്പാക്കിയ ഇ-ഓഫീസെന്നും അവര്‍ ചൂണ്ടിക്കാട്ടി. എംപെഡ ഓഫീസിന്റെ അടുക്കും ചിട്ടയും പ്രത്യേകം പ്രശംസിക്കാനും വാണിജ്യ സെക്രട്ടറി മറന്നില്ല. ഇതോടൊപ്പം സമുദ്രോത്പന്ന കയറ്റുമതിയ്ക്കായി എംപെഡ വികസിപ്പിച്ച ഫിഷ് എക്‌സ്‌ചേഞ്ച് പോര്‍ട്ടലും വാണിജ്യ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ഇതു വഴി എംപെഡയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കയറ്റുമതിക്കാര്‍ക്ക് ലോകത്തെവിടെയുമായി വാണിജ്യം നടത്താനുള്ള അവസരമാണ് കൈവരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നയമനുസരിച്ച് രാജ്യത്തെ എല്ലാ സ്വതന്ത്ര കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.

www.fishexchange.mpeda.gov.in എന്ന വെബ്‌സൈറ്റില്‍ ഇന്ത്യയിലെയും അന്താരാഷ്ട്രരംഗത്തെയും സമുദ്രോത്പന്ന വാണിജ്യത്തിന്റെ സ്ഥിതിവിവര കണക്കുകള്‍, ഉത്പാദന വിവരങ്ങള്‍, വിലസൂചകങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വിപണിയെ അപഗ്രഥിക്കാനാകും. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, രാജ്യത്തിന്റെ മൊത്തം ചിത്രം, നിയന്ത്രണങ്ങളും വില വിവരങ്ങളും, മാനദണ്ഡങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, ഈ രംഗത്ത് നടക്കാന്‍ പോകുന്ന പരിപാടികളും വാണിജ്യമേളകളുമെല്ലാം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

NO COMMENTS

LEAVE A REPLY