ടിക്കറ്റ് അക്ഷയകേന്ദ്രങ്ങളിലൂടെ ; പുത്തന്‍ പടങ്ങള്‍ വീട്ടിലിരുന്ന് കാണാം

353

കണ്ണൂര്‍: വെയിലും മഴയും കൊണ്ട് നീണ്ടവരിയില്‍ ക്യൂനിന്ന് ടിക്കറ്റെടുത്ത് സ്വസ്ഥമായിരുന്ന് സിനിമ കാണാമെന്ന് വിചാരിക്കുമ്ബോഴാണ് ഫാന്‍സുകാരുടെ കാതടപ്പിക്കുന്ന ആഘോഷവിളികള്‍. എന്നാല്‍ ഇനി മുതല്‍ ഇഷ്ടമുള്ള പുത്തന്‍ പടങ്ങള്‍ വീട്ടിലിരുന്ന് തന്നെ കാണാം. ചെയ്യേണ്ടത് ഇത്രമാത്രം, അടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ നിന്ന് ഇ-ടിക്കറ്റെടുക്കുക.
അക്ഷയയും പഞ്ചമി റിലീസിങ് കമ്ബനിയും സഹകരിച്ചാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ 210 അക്ഷയകേന്ദ്രങ്ങള്‍ വഴി ടിക്കറ്റുകള്‍ നല്‍കും. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ കേബിള്‍ നെറ്റ്വര്‍ക്കുള്ളവര്‍ക്ക് വീട്ടിലിരുന്ന് ചിത്രം കാണാം. എസിവി, കേരളവിഷന്‍, ഡെന്‍, ഭൂമിക, ഇടുക്കി കേബിള്‍ വിഷന്‍ എന്നിവയാണ് സംപ്രേഷണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ടിക്കറ്റിലെ കോഡുപയോഗിച്ച്‌ ചാനല്‍ അണ്‍ലോക്ക് ചെയ്താല്‍ ടിവിയില്‍ പുത്തന്‍പടം കാണാനാകും.
റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ സിനിമ ലഭിച്ചുതുടങ്ങും. ഡിവിഡി റിലീസ് ചെയ്യുന്നതിന് മുമ്ബ് സിനിമാപ്രേമികള്‍ക്ക് സിനിമ കാണാം. എല്ലാ വെള്ളിയാഴ്ചയും റിലീസ് ചെയ്യുന്നതിനനുസരിച്ച്‌ സിനിമകള്‍ മാറിക്കൊണ്ടിരിക്കും. രാവിലെ ഒമ്ബത്, 12, മൂന്ന്, ആറ്, ഒമ്ബത് മണി എന്നിങ്ങനെ ദിവസേന അഞ്ച് പ്രദര്‍ശനമുണ്ടാകും. എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ജില്ലയിലും 15 അക്ഷയകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അക്ഷയസംരംഭകര്‍ക്കുള്ള പരിശീലനവും നടന്നുവരുന്നു.

NO COMMENTS

LEAVE A REPLY