ത്യാഗത്തിന്‍റെ മഹാപ്രതീകമായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു

231


വത്തിക്കാന്‍• കരുണയുടെ വര്‍ഷത്തില്‍ ത്യാഗത്തിന്റെ മഹാപ്രതീകമായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദര്‍ തെരേസ അറിയപ്പെടുക. സാര്‍വത്രിക സഭയ്ക്ക് ഇനി മദറിനെ വണങ്ങാം.മദര്‍ തെരേസ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്നും പ്രഖ്യാപനം നടത്തണമെന്നും മാര്‍പാപ്പയോട് കര്‍ദിനാള്‍ ആഞ്ചലോ അഭ്യര്‍ഥിച്ചു. മദറിന്റെ ലഘുജീവചരിത്രവും വായിച്ചു. 31 വിശുദ്ധരോട് അപേക്ഷ അര്‍പ്പിക്കുന്ന ലുത്തിനിയ നടന്നു. തുടര്‍ന്ന് സിസ്റ്റര്‍ ക്ലെയര്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അള്‍ത്താരയില്‍ മദറിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചു.

മദര്‍ തെരേസയെ ജീവിതവിശുദ്ധിയുടെ അമ്മയെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഈ വാക്കുകള്‍ പോപ്പ് പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് ലക്ഷക്കണക്കിനു ആളുകള്‍ സ്വീകരിച്ചത്. ആ പുഞ്ചിരിയുടെ സൗന്ദര്യം താന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ഇല്ലാത്തവരുടെ ആവശ്യം നിറവേറ്റുമ്ബോള്‍ പങ്കുവയ്ക്കുന്നത് ദൈവത്തിന്റെ കരുണയാണ്. മദര്‍ തെരേസ ദൈവത്തിന്റെ കരുണയുടെ അമ്മയായി ജീവിച്ചു. ജീവിതത്തില്‍ പിന്തള്ളപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ മദറിന് കഴിഞ്ഞുവെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
കാരുണ്യവര്‍ഷത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയ പ്രവേശന ഗാനത്തോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്. അല്‍ബേനിയ, ഫ്രഞ്ച്, ബംഗാളി, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളില്‍ മധ്യസ്ഥ പ്രാര്‍ഥന ചൊല്ലി. ഇന്നലെ തന്നെ മദര്‍ തെരേസയുടെ കൂറ്റന്‍ ചിത്രം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യകവാടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്നു. അഗതികളുടെ അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണെത്തിയത്.
വിശുദ്ധ പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ എത്തിയ ഔദ്യോഗിക സംഘത്തെ റോമിലെ വിമാനത്താവളത്തില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സംഘം (സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സ്വീകരിച്ചു. സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ സിബിസിഐയിലെ മുപ്പത്തഞ്ചോളം മെത്രാന്മാരും വത്തിക്കാനിലെത്തിയിട്ടുണ്ട്. നാളെ മദര്‍ തെരേസയുടെ 19-ാം ചരമവാര്‍ഷികദിനമാണ്.

NO COMMENTS

LEAVE A REPLY