ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ്; സ്ത്രീകളുടെ ശബരിമല; ഗിന്നസ് ബുക്കില്‍ ഇടം നേടി; ആറ്റുകാല്‍ ഭഗവതി ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ നായര്‍ നെറ്റ് മലയാളത്തോട് സംസാരിക്കുന്നു.

1472

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതും സ്ത്രീകളുടെ ശബരിമല എന്നും ആറ്റുകാല്‍ ക്ഷേത്രത്തെ അറിയപ്പെടുന്നു. എല്ലാ വര്‍ഷവും നടക്കുന്ന ആറ്റുകാല്‍ പൊങ്കാല ‘ ഗിന്നസ് ബുക്കിലും ഇടം നേടി. മലയാളികള്‍ക്ക് എന്നും അഭിമാനമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ നായര്‍ നെറ്റ് മലയാളത്തോട് സംസാരിക്കുന്നു.ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരു ദിവസം കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ബാലിക വന്ന് ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകില്‍ കയറ്റി ബാലികയെ മറുകരയില്‍ കൊണ്ടെത്തിച്ചു. തന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടില്‍ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയില്‍ കാരണവര്‍ കണ്ട സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: ‘നിന്റെ മുന്നില്‍ ബാലികാ രൂപത്തില്‍ ഞാന്‍ വന്നപ്പോള്‍ നീ അറിഞ്ഞില്ല. ഞാന്‍ അടയാളപ്പെടുത്തുന്ന സ്ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കില്‍ ഈ സ്ഥലത്തിന് മേല്‍ക്കുമേല്‍ അഭിവൃദ്ധിയുണ്ടാകും.’ പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവര്‍ ശൂലത്താല്‍ അടയാളപ്പെടുത്തിയ മൂന്നു രേഖകള്‍ കണ്ടു. പിറ്റേന്ന് അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തിയെന്നുമാണ് വിശ്വാസം.വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ‘ശൂലം, അസി, ഫലകം, കങ്കാളം’ എന്നിവ ധരിച്ച ചതുര്‍ബാഹുവായ ശ്രീഭദ്രകാളിയെ വടക്ക് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ദാരികവധത്തിനു ശേഷം ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കാളിയെ സ്ത്രീജനങ്ങള്‍ പൊങ്കാലനിവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്. നിരപരാധിയായ സ്വന്തം ഭര്‍ത്താവിനെ വധിച്ചതില്‍ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു തന്റെ നേത്രാഗ്‌നിയില്‍ മധുരാനഗരത്തെ ചുട്ടെരിച്ച വീരനായിക കണ്ണകി കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ചു എന്നാണ് ഐതീഹ്യം. കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിന് സ്ത്രീകള്‍ നിവേദ്യം അര്‍പ്പിക്കുന്നുവെന്നതും ഒരു സങ്കല്പമാണ്.തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ചിരപുരാതനമായ ഈ ക്ഷേത്രം ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് ‘പൊങ്കാല മഹോത്സവം’. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാല്‍ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തില്‍കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും.കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുന്‍പ്, അതായത് കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ദേവീ കീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍ കലകളും അരങ്ങേറുന്നു . ഉത്സവം ആരംഭിക്കുന്നത് ഭദ്രകാളിപ്പാട്ടും കണ്ണകീചരിതവും തോറ്റംപാടി കാപ്പുകെട്ടി കൊടുങ്ങല്ലൂരില്‍ നിന്നും വരുന്ന ശ്രീ ഭദ്രകാളിയെ കുടിയിരുത്തുന്നതോടെയാണ്. ശിവനേത്രത്തില്‍ നിന്നും ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ അവതാരവും ദാരികനിഗ്രഹവും തുടര്‍ന്ന് ദേവിയുടെ മനുഷ്യരൂപത്തിലുള്ള കണ്ണകിയുടെ ജനനത്തില്‍ തുടങ്ങി മധുരദഹിപ്പിച്ച കണ്ണകിയുടെ വിജയവും വരെയുള്ള ഭാഗങ്ങളാണ് തോറ്റംപാട്ടായി പൊങ്കാലയ്ക്ക് മുമ്പ് പാടിത്തീര്‍ക്കുന്നത്.അതിനുശേഷമാണ് പൊങ്കാല അടുപ്പില്‍ തീ കത്തിക്കുന്നത്. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ദേവീ ഭടന്മാരെയാണ് കുത്തിയോട്ട ബാലന്മാരായി സങ്കല്‍പിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കല്‍, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു. തുലാമാസത്തിലെ ‘നവരാത്രിയും’ ‘വിദ്യാരംഭവും’ വൃശ്ചികത്തിലെ ‘തൃക്കാര്‍ത്തികയുമാണ്’ മറ്റു വിശേഷ ദിവസങ്ങള്‍. ആറ്റുകാല്‍ പൊങ്കാല ദ്രാവിഡജനതയുടെ ആത്മസമര്‍പ്പണവും അവരുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരവുമായിരുന്നു പൊങ്കാല. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണമെന്നും . കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം ഉണ്ട്, പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്കുന്നു. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ്.ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കുകയുള്ളൂ. പൊങ്കാല അടുപ്പില്‍ തീ കത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. വെറും തറയില്‍ അടുപ്പും കൂട്ടി അതില്‍ മണ്‍കലം വെച്ച് ശുദ്ധജലത്തില്‍ പൊങ്കാലപ്പായസം തയ്യാറാക്കുന്നു.പ്രധാന വഴിപാടായ ശര്‍ക്കര പായസത്തിന് പുറമേ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട, പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുട്ട് എന്നിവയും പൊങ്കാലദിനം തയാറാക്കുന്ന നിവേദ്യങ്ങളാണ്. വിട്ടുമാറാത്ത തലവേദന, മാരക രോഗങ്ങള്‍ എന്നിവയുള്ളവര്‍ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് പയറും അരിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുട്ട്. അഭീഷ്ടസിദ്ധിക്കുള്ളതാണ് വെള്ളച്ചോറ്. അരി, ശര്‍ക്കര, തേന്‍, പാല്‍, പഴം, കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്ന നവരസപ്പായസം സര്‍വൈശ്വര്യങ്ങള്‍ക്കായി സ്ത്രീകള്‍ പ്രത്യേകം അര്‍പ്പിക്കുന്ന പൊങ്കാലയാണ്. അരി, തേങ്ങ, നെയ്യ്, ശര്‍ക്കര, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തു തയാറാക്കുന്നതാണ്

താലപ്പൊലി ;

പൊങ്കാല ദിവസം തന്നെ നടത്തപ്പെടുന്ന മറ്റ് വഴിപാടുകളില്‍ ഒന്നാണ് താലപ്പൊലി. ഇത് കന്യകമാരാണ് നടത്തുന്നത്. വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങള്‍ അണീഞ്ഞ് മാതാപിതാകളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിന്റെ കൂടെ ക്ഷേത്രത്തില്‍ നിന്നും ഒന്നര കി.മീറ്റര്‍ ദൂരത്ത് സ്ഥിതിചെയ്യുന്ന മണക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഒരു താലത്തില്‍ ദീപം കത്തിച്ച്, ചുറ്റും കമുകിന്‍പൂക്കുല, പൂക്കള്‍, അരി എന്നിവ നിറച്ച് തലയില്‍ പൂക്കള്‍ കൊണ്ട് കിരീടവും അണിഞ്ഞാണ് താലപ്പൊലി എടുക്കുന്നത്.

കുത്തിയോട്ടം:കുത്തിയോട്ടത്തില്‍ നിന്നും ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല, താലപ്പൊലി എന്നിവ പോലെ വളരെ പ്രധാന വഴിപാടാണ് ആണ്‍കുട്ടികളുടെ കുത്തിയോട്ടം. ഇതില്‍ പതിമൂന്ന് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുവാന്‍ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തില്‍ ദേവിയുടെ മുറിവേറ്റ് ഭടന്‍മാരാണ് കുത്തിയോട്ടക്കാര്‍ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാള്‍ മുതല്‍ വ്രതം ആരംഭിക്കുന്നു. മേല്‍ശാന്തിയുടെ കയ്യില്‍ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിന്റെ തുടക്കം. വ്രതം തുടങ്ങിയാല്‍ അന്ന് മുതല്‍ പൊങ്കാല ദിവസം വരെ കുട്ടികള്‍ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4:30 ന് ഉണര്‍ന്ന് കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ പ്രദക്ഷിണം വയ്ക്കുന്നു.
എല്ലാ വ്രതങ്ങളും പോലെ മല്‍സ്യമാംസാദികള്‍ കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാര്‍ക്ക് നല്‍കാറില്ല. രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയില്‍ അവിലും പഴവും കരിക്കിന്‍ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടില്‍ നിന്നോ മറ്റ് സ്ഥലങ്ങളില്‍ നിന്നോ വ്രതക്കാര്‍ക്ക് ഒന്നും തന്നെ നല്‍കില്ല. മാത്രവുമല്ല അവരെ തൊടാന്‍ പോലും ആര്‍ക്കും അവകാശവും ഊണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോട് കൂടി ദേവിയുടെ മുന്‍പില്‍ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരല്‍ കുത്തുന്നു. വെള്ളിയില്‍ തീര്‍ത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ എഴുനള്ളത്തിന് അകമ്പടിക്കായി വിടുന്നു.ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്നാണ് വിളിച്ചിരുന്നതത്രെ . ആറ്റിൽ, അല്ലെങ്കിൽ അതിന്റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിനു ആറ്റുകല്ല് എന്ന് വിളിച്ചുപോന്നിരുന്നു. ഇതാണ് ആറ്റുകാൽ എന്ന് പരിണമിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്നതും സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നതുമായ ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

NO COMMENTS