ദില്ലി: കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാക്കളുടെ കൂട്ടരാജി. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍ രാജിവെച്ചിരിക്കുകയാണ്. ഏകദേശം 200 ഓളം നേതാക്കള്‍ രാജി വെച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എഐസിസി ലീഗല്‍ വിഭാഗം നേതാവായ വിജയ് താങ്ക രാജിവെച്ചിരുന്നു.
തെലുങ്കാന, ഛത്തീസ്ഗഡ്,യുപി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ രാഹുലിന്‍റെ പാത പിന്തുടര്‍ന്ന് രാജിവെച്ചിരിക്കുകയാണ്.അതേസമയം രാജിവെച്ച നേതാക്കള്‍ കൂടുതല്‍ നേതാക്കളോട് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധിയേറുകയാണ്. പ്രശ്നം സങ്കീര്‍ണമായതോടെ രാഹുല്‍ ഗാന്ധി നാളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
വിശദാംശങ്ങളിലേക്ക്
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പുതിയ അധ്യക്ഷന്‍ വരണമെന്നാണ് രാഹുലിന്‍റെ ആവശ്യം. എന്നാല്‍ രാഹുലിന് പകരക്കാരനെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞത്. രാഹുല്‍ അധ്യക്ഷ പദം തുടര്‍ന്നും ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും തന്‍റെ തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ രാഹുല്‍ തയ്യാറായിട്ടില്ല.
ഛത്തീസ്ഗഡില്‍ കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളും ഛത്തീസ്ഗഡ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പിഎല്‍ പുനിയയുമാണ് രാജിവെച്ചത്. യുപിയില്‍ പാര്‍ട്ടി പദവിയിലുള്ള 36 നേതാക്കളും രാജിവെച്ചു. മധ്യപ്രദേശ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ദീപക് ബാബരിയ , ഗോവ യൂനിറ്റ് ചീഫ് ഗിരിഷ് ചോഡന്‍കര്‍, ദില്ലി യൂണിറ്റ് വര്‍ക്കിങ്ങ് പ്രസിഡന്‍റ് രാജേഷ് ലിലോതിയ, തെലുങ്കാന യൂണിറ്റ് വര്‍ക്കിങ്ങ് പ്രസിഡന്‍റ് പൊന്നം പ്രഭാഗര്‍ എന്നിവരും രാജിവെച്ചവരില്‍ പെടുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ച് മാതൃക കാട്ടിയ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളും രാജിവെയ്ക്കണമെന്നാണ് പാര്‍ട്ടി പദവികള്‍ രാജിവെച്ച നേതാക്കള്‍ ആവശ്യപ്പെടുന്നത്.
നേതാക്കള്‍ രാജിവെയ്ക്കാന്‍ തയ്യാറായില്ലേങ്കില്‍ മുതിര്‍ന്ന നേതാക്കളുടെ രാജി ആവശ്യപ്പെട്ട് രാജിവെച്ചവര്‍ സമരം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കുകയാണെന്ന് വ്യക്തമാക്കിയെങ്കിലും കടുത്ത വിമര്‍ശനമായിരുന്നു നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടും രാഹുല്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടേയെന്നായിരുന്നു നേതാക്കളോട് രാഹുല്‍ ചോദിച്ചത്.
പാര്‍ട്ടിയുടെ കൂട്ടത്തോല്‍വിക്കിടയിലും രാജിവെയ്ക്കാന്‍ താത്പര്യം കാണിക്കാത്ത നേതാക്കള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നവരാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.അതേസമയം അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി വീണ്ടും ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് വഴിതെളിയിക്കണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസിന്‍റെ കൂട്ടത്തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കണം. ഓരോ സംസ്ഥാനത്തും പാര്‍ട്ടി പരാജയപ്പെട്ടത് വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ്. അതിന്‍റെ വേര് തേടി പോയില്ലേങ്കില്‍ പാര്‍ട്ടി ഇനിയും ദയനീയമായ അവസ്ഥയിലേക്ക് പോകുമെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ കൂട്ടരാജി രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉറച്ചുള്ളതാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. എന്തായാലും നേതാക്കളുടെ തിരുമാനം രാഹുലിന്‍റെ മനം മാറ്റിയിട്ടുണ്ടെന്നാണ് വിവരം.