മൊഹാലി ടെസ്റ്റ് : ഇന്ത്യ ആറിന് 271

212

മൊഹാലി • മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആറിന് 271 എന്ന നിലയിലാണ് ഇന്ത്യ. അശ്വിനും ജഡേജയുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും (62) ചേതേശ്വര്‍ പൂജാരയും (51), ആര്‍.അശ്വിനും (പുറത്താകാതെ 57) അര്‍ധസെഞ്ചുറി നേടി. മുരളി വിജയ് 15 ഉം പാര്‍ഥിവ് പട്ടേല്‍ 42 ഉം റണ്‍സെടുത്ത് പുറത്തായി. അരങ്ങേറ്റ ടെസ്റ്റ് കളിക്കാനിറങ്ങിയ മലയാളി താരം കരുണ്‍ നായര്‍ നാലു റണ്ണെടുത്ത് റണ്ണൗട്ടായി. ഇംഗ്ലണ്ടിനായി ആദില്‍ റാഷിദ് മൂന്നു വിക്കറ്റും ബെന്‍ സ്റ്റോക്ക്സ് രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 283 റണ്‍സിന് അവസാനിച്ചിരുന്നു. എട്ടു വിക്കറ്റിന് 268 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം കളിയാരംഭിച്ച ഇംഗ്ലണ്ടിന് 15 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ഗാരെത് ബാറ്റിയേയും റാഷിദിനേയും മുഹമ്മദ് ഷാമി മടക്കി. 89 റണ്‍സെടുത്ത ബെയര്‍സ്റ്റോവാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്സ്കോറര്‍. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവ്, ജഡേജ, ജയന്ത് യാദവ് എന്നിവര്‍ രണ്ടുവീതവും വിക്കറ്റും നേടി.