തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ വിതരണത്തിന് എത്തിച്ച കവര്‍ പാലില്‍ മൗത്ത് വാഷിന്റെ രാസഘടകം; പാല്‍ തിരിച്ചയച്ചു

206

പാലക്കാട്: തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ വിതരണത്തിന് എത്തിച്ച കവര്‍ പാലില്‍ മൗത്ത് വാഷിന്റെ രാസഘടകമായ ഹൈഡ്രജന്‍ പെര്‍ ഓക്സൈഡിന്റെ അംശം കണ്ടെത്തി. ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ സ്ഥിരം പാല്‍പരിശോധനാകേന്ദ്രത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമെത്തിയ പാല്‍വണ്ടിയിലെ കവറുകളിലാണിത് കണ്ടെത്തിയത്. ഡിണ്ടിക്കല്‍ എ.ആര്‍ ഡയറിഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് വണ്ടിയെത്തിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതില്‍ മലബാര്‍ മില്‍ക്ക് എന്ന പേരിലുള്ളതായിരുന്നു കവറുകള്‍. മുറിവുകള്‍ ക്ളീന്‍ചെയ്യാനും മൗത്ത് വാഷിന്റെ ഘടകമായും ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിക്കാറുണ്ട്. ഇത് പാലില്‍ ചേര്‍ക്കാന്‍ അനുവാദമില്ലാത്ത രാസപദാര്‍ഥമാണ്.

ടോണ്‍ഡ് മില്‍ക്ക്, ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് എന്നിവയുടെ പായ്ക്കറ്റുകളുടെ രാസപദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തിയത്. 2,700 പായ്ക്കറ്റ് ടോണ്‍ഡ് പാലും. 2,920 പായ്ക്കറ്റ് ഡബിള്‍ ടോണ്‍ഡ് മില്‍ക്കുമാണ് സംസ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍, വാഹനത്തിലുണ്ടായിരുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് രാസ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പരിശോധനയെത്തുടര്‍ന്ന പാലും വണ്ടിയും ഭക്ഷ്യസുരക്ഷാവകുപ്പിനെ ഏല്പിച്ചു. വണ്ടി കേരളത്തിനകത്തേക്ക് കടത്തിവിടാതെ തിരിച്ചയയ്ക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.

NO COMMENTS