മായം ചേര്‍ത്ത പാല്‍ കണ്ടെത്താന്‍ ക്ഷീര വികസന വകുപ്പ് അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചു

314

കട്ടപ്പന: ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മായം ചേര്‍ത്ത പാല്‍ കേരളത്തിലേക്ക് കടന്നു വരുന്നത് തടയാനായി ക്ഷീര വികസന വകുപ്പ് അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചു. മധ്യകേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പാല്‍ കടന്നു വരുന്ന ഇടുക്കിയിലെ കുമളി ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ചു ചെക്കു പോസ്റ്റുകളിലാണ് പരിശോധന നടത്തുന്നത്.ഓണക്കാലത്ത് പാലിന്റ ഉപഭോഗം വര്‍ദ്ധിക്കുന്നതിനാല്‍ മായം കലര്‍ന്ന പാല്‍ വന്‍തോതില്‍ കേരളത്തിലേക്ക് കടന്നു വരാന്‍ സാധ്യതയുള്ളതിനാലാണ് അതിര്‍ത്തിയില്‍ പരിശോധ കര്‍ശനമാക്കിയത്. കുമളി ചെക്കുപോസ്റ്റില്‍ താത്ക്കാലിക ലാബ് സ്ഥാപിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. ദിവസേന മൂന്നു ലക്ഷം ലിറ്ററോളം പാലാണ് ഇപ്പോള്‍ കേരളത്തിലേക്കെത്തുന്നത്. ഓണക്കാലത്ത് ഇത് ഇരട്ടിയാകുമെന്നാണ് കണക്കു കൂട്ടല്‍. മനുഷ്യ ശരീരത്തിന് ഹാനികരമായ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള എതെങ്കിലും രാസവസ്തുക്കള്‍ പാലില്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പ്രധാനമായും നടത്തുന്നത്. പാല്‍ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഫോര്‍മാലിന്‍ എന്ന മാരകമായ രാസവസ്തു ചേര്‍ക്കുന്നത്. കൃത്രിമപാല്‍ നിര്‍മ്മിക്കുമ്പോള്‍ കൊഴുപ്പു കൂട്ടുന്നതിന് പഞ്ചസാരയും അമ്ലാംശം കുറക്കുന്നതിന് അലക്കുകാരവും ചേര്‍ക്കാറുണ്ട്. ഇവയുടെയെല്ലാം സാന്നിധ്യം പരിശോധനാ വിധേയമാക്കും.
മായം കലര്‍ത്തിയതായി കണ്ടെത്തിയാല്‍ വാഹനം ഉള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറും. സാമ്പിളുകളുടെ ഗുണനിലവാരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ദിവസവും വൈകുന്നേരം സര്‍ക്കാരിലേക്ക് അയക്കുന്നതിനുള്ള സംവിധാനവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. 13 വരെ പരിശോധന തുടരും.

NO COMMENTS

LEAVE A REPLY