മരുന്ന് മാറി കുത്തിവച്ച് രോഗി മരിച്ചതായി പരാതി

190

കോട്ടയം: വൈക്കം താലൂക്കാശുപത്രിയില്‍ മരുന്ന് മാറി കുത്തിവച്ചതു മൂലം രോഗി മരിച്ചതായി ബന്ധുക്കളുടെ പരാതി. വൈക്കം ചെമ്മനത്തു കര സ്വദേശി ശോഭനയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്‍പത്തിയഞ്ചു വയസുള്ള ശോഭനയെ കഴിഞ്ഞ ദിവസമാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാലിലെ ചെറിയൊരു മുഴ ശസ്ത്രക്രീയ ചെയ്തു മാറ്റുന്നതിനാണ് ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കുത്തിവയ്പ് നല്‍കി. ഇതിന് ശേഷമാണ് ശോഭനയുടെ നില വഷളായെന്ന് ബന്ധുക്കള്‍ പറയുന്നു. കുത്തി വച്ചതിന് ശേഷം ശോഭനയുടെ കാഴ്ച മങ്ങുകയും തളര്‍ന്നു വീഴുകയും ചെയ്തു. ഉടനടി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ രാവിലയോടെയാണ് മരണം സംഭവിച്ചത്. എന്നാല്‍ മരുന്ന് മാറി കുത്തിവച്ചിട്ടില്ലെന്നാണ് വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജിന്റെ വിശദീകരണം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

NO COMMENTS

LEAVE A REPLY