സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം മെഡിക്കല്‍ ലാബുകള്‍ക്കും അംഗീകാരമില്ല

197

തിരുവനന്തപുരം• സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം മെഡിക്കല്‍ ലാബുകളും അംഗീകാരമില്ലാത്തവ. 93% സ്വകാര്യ മെഡിക്കല്‍ ലാബുകളും അംഗീകാരമില്ലാത്തവയാണെന്നും, 25 ശതമാനത്തോളം ലാബ് ജീവനക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ ജീവനു ഭീഷണിയാകുന്ന തരത്തില്‍ പരിശോധനാഫലങ്ങളില്‍ തെറ്റുകള്‍ വരുന്നതു വര്‍ധിക്കുകയാണെന്നും കണ്ടെത്തി. അംഗീകാരമില്ലാത്ത ലാബുകള്‍ ആരോഗ്യരംഗത്ത് കടുത്ത ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ലാബുകളെ നിയന്ത്രിക്കാന്‍ കര്‍ശനവ്യവസ്ഥകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍, സ്കാനിങ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ നിയമസഭയില്‍ അവതരിപ്പിക്കുകയും എന്നാല്‍ പാസാക്കാന്‍ കഴിയാത്തതുമായ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലീഷ്മെന്‍്റ് (റജിസ്ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) ബില്ലില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വീണ്ടും അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സ്വകാര്യലാബുകളില്‍നിന്നു പരിശോധനാഫലങ്ങള്‍ തെറ്റായി നല്‍കുന്നതായുള്ള പരാതികള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണു ലാബുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.
പരിശോധനയിലെ പ്രധാന കണ്ടെത്തലുകള്‍
ആകെ ലാബുകള്‍ – 4,333. 2000നു ശേഷമാണ് കേരളത്തില്‍ സ്വകാര്യലാബുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. ഇപ്പോഴുള്ളതില്‍ 45% ലാബുകളും 2000നുശേഷം ആരംഭിച്ചവ. ഏറ്റവും കൂടുതല്‍ ലാബുകളുള്ളത് തൃശൂരില്‍. 510 എണ്ണം. 482 ലാബുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. വയനാടാണ് ഏറ്റവും കുറവ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. 62 എണ്ണം.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്വകാര്യ ലാബുകളുള്ളത്. 138 എണ്ണം. നിലവിലുള്ള സ്വകാര്യ ലാബുകളില്‍ 70 ശതമാനവും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസിന്റെ (എന്‍.എ.ബി.എല്‍) അംഗീകാരമാണ് സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ക്കു വേണ്ടത്. കേരളത്തില്‍ ഇപ്പോഴുള്ള 4,333 സ്വകാര്യ മെഡിക്കല്‍ ലാബുകളില്‍ 3,992 എണ്ണത്തിനും ഈ അംഗീകാരമില്ല. 35% ലാബുകള്‍ക്കു റജിസ്ട്രേഷനുമില്ലെന്നും കണ്ടെത്തി.
25 ലാബുകളും കൃത്യമായ ഇടവേളകളില്‍ ഗുണനിലവാര പരിശോധന നടത്താത്തുന്നില്ല. 60% ലാബുകളില്‍ രോഗനിര്‍ണയവും പരിശോധനാഫലങ്ങളും തയാറാക്കുന്നില്ല. മറ്റു സ്ഥലങ്ങളില്‍ സാമ്ബിളുകള്‍ അയച്ച്‌ അവിടെനിന്നും ലഭിക്കുന്ന പരിശോധനാഫലം രോഗിക്കു നല്‍കും. 25% ലാബുകള്‍ മാത്രമാണു സാമ്ബിളുകള്‍ ശേഖരിക്കുന്ന സ്ഥലത്തുവച്ചു തന്നെ രോഗനിര്‍ണയം നടത്തുന്നത്.