മെഡിക്കല്‍ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

235

തിരുവനന്തപുരം∙ മെഡിക്കല്‍ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ‍ഡന്റല്‍ കോളജ് മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ പിന്‍വലിച്ചു. സ്വാശ്രയ മെറിറ്റ് സീറ്റില്‍ മുന്‍വര്‍ഷത്തെ ഫീസ് തുടരും. മാനേജ്മെന്റ് സീറ്റിലെ ഫീസ് ചര്‍ച്ചചെയ്തു തീരുമാനിക്കും. മുഴുവന്‍ സീറ്റിലും നീറ്റ് മെറിറ്റില്‍ നിന്നു പ്രവേശനം നടത്തുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഭാഗം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മാനേജ്മെന്റുകളുമായി ചര്‍ച്ചയക്ക് തയാറാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സർക്കാരിനെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയിൽ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ മാനേജ്മെന്റുകൾ തീരുമാനിച്ചിരിക്കുകയാണ്. മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈയാഴ്ച തന്നെ പരസ്യം നല്‍കും. സീറ്റുകൾ ഏറ്റെടുത്ത ഉത്തരവ് പിൻവലിക്കാതെ സര്‍ക്കാരുമായി ചർച്ച വേണ്ടെന്നും മനേജ്മെന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

അതേസമയം, സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ ഫീസ് ഘടന സംബന്ധിച്ചു ഭാഗിക ഉത്തരവിറങ്ങി. ക്രിസ്ത്യൻ മാനേജ്മെന്റ് സീറ്റിൽ കഴിഞ്ഞവർഷത്തെ ഫീസ് തുടരും. എൻആർഐ സീറ്റിൽ 12 ലക്ഷം രൂപ ഫീസ്. മുഴുവൻ മെഡിക്കൽ സീറ്റുകളും ഏറ്റെടുത്ത നടപടിയിൽ ഈ ഉത്തരവിലും മാറ്റമില്ല.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനനിയന്ത്രണം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നാലു മാനേജുമെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി എന്നീ കോളജുകളാണ് ഹർജി നൽകിയത്. മാനേജുമെന്റുകളുടെ പ്രവേശനനടപടികളിലിടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് മാനേജുമെന്റുകൾ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ നടപടി ഇസ്‌ലാമിക് അക്കാദമി, ഇനാംദാർ കേസുകളിലെ സുപ്രീംകോടതി വിധികളുടെ ലംഘനവും മാനേജുമെന്റുകളുടെ അവകാശത്തിൻമേലുള്ള കൈകടത്തലുമാണെന്ന‍ു ഹർജിയിൽ പറയുന്നു. വിദ്യാർഥി പ്രവർത്തനത്തിലും ഫീസിലും സുതാര്യമായ നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. ഇതുവരെ പരാതികളോ ക്രമക്കേടുകളോ ഉയർന്നിട്ടില്ല. മറ്റു മാനേജുമെന്റുകൾ വ്യാഴാഴ്ച ൈഹക്കോടതിയെ സമീപിക്കും.