നിലമ്പൂര്‍ ഏറ്റുമുട്ടല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

189

തിരുവനന്തപുരം• നിലമ്പൂര്‍ ഏറ്റുമുട്ടല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2014ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശപ്രകാരമാണു നടപടി. നിലമ്ബൂരില്‍ എടക്കരയ്ക്കു സമീപം കരുളായി വനമേഖലയില്‍ കൊടുംകാട്ടിനുള്ളില്‍ പൊലീസും മാവോയിസ്റ്റ് സംഘവുമായി നടന്ന നേര്‍ക്കുനേര്‍ വെടിവയ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി (ദേവരാജ്-60), കാവേരി (അജിത) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതാദ്യമായാണു സംസ്ഥാനത്തു പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടില്‍ എട്ടുകണ്ണിപ്പാറയ്ക്കും കടന്നക്കാപ്പിനും ഇടയില്‍ 24ന് രാവിലെ പതിനൊന്നരയ്ക്കും പന്ത്രണ്ടിനുമിടയിലാണു സംഭവം. രണ്ടു സിഐമാരുടെയും മൂന്ന് എസ്‌ഐമാരുടെയും നേതൃത്വത്തില്‍ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും കേരള പൊലീസിലെ ഭീകരവിരുദ്ധ സേനക്കാരും ഉള്‍പ്പെട്ട 60 അംഗ ദൗത്യസംഘമാണു മാവോയിസ്റ്റുകളെ നേരിട്ടത്. 22 പേരടങ്ങിയ മാവോയിസ്റ്റ് സംഘത്തെയാണു പൊലീസ് നേരിട്ടതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തേ പറഞ്ഞിരുന്നു. അതേസമയം, ഏറ്റുമുട്ടല്‍ വ്യാജമാണെന്നും അന്വേഷണം വേണമെന്നും വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. വാദങ്ങള്‍ എല്ലാം നിഷേധിച്ച്‌ പൊലീസും രംഗത്തെത്തിയിരുന്നു.