പൊലീസ്‌ ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയവര്‍ക്ക്‌ വന്‍ സ്വീകരണം – സ്വീകരിച്ചത്‌ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍

132

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ശഹറില്‍ കലാപശ്രമം തടഞ്ഞ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ സുബോധ്‌കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയവര്‍ക്ക്‌ ശനിയാഴ്‌ച ജാമ്യംനേടി ജില്ലാ ജയിലില്‍നിന്ന്‌ ഇറങ്ങിയ ബിജെപി പ്രവര്‍ത്തകനടക്കമുള്ള ഏഴ്‌ പ്രതികളെ മാലയിട്ടും മുദ്രാവാക്യം മുഴക്കിയുമാണ്‌ തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്‌.

ജയ്‌ശ്രീറാം, വന്ദേമാതരം, ഭാരത്‌മാതാ കീ ജയ്‌ എന്നിങ്ങനെ ആര്‍ത്തുവിളിച്ച്‌ പ്രതികളെ സ്വീകരിക്കുന്ന വീഡിയോ വ്യാപകമായി. ബിജെപി– യുവമോര്‍ച്ച നേതാവ്‌ ശിഖര്‍ അഗര്‍വാള്‍, ജീത്തു ഫൗജി എന്നിവരെ മാലയിട്ട്‌ സ്വീകരിക്കുന്നത്‌ കാണാം. ഇരുവരെയും ആലിംഗനംചെയ്‌തും ഒപ്പംനിന്ന്‌ സെല്‍ഫിയെടുത്തുമാണ്‌ പ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചത്‌.

അക്രമികള്‍ ജാമ്യത്തിലിറങ്ങിയതോടെ തന്റെ മക്കളുടെ ജീവന് സുരക്ഷ നല്‍കണമെന്ന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സുബോധ്‌കുമാറിന്റെ ഭാര്യ അഭ്യര്‍ഥിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ്‌ സംഭവം. ചിങര്‍വതി മേഖലയില്‍ മഹോവ‌് ഗ്രാമത്തിന‌് സമീപം വനത്തില്‍ പശുവിന്റെ ജഡാവശിഷ്ടം കണ്ടെന്ന‌ുപറഞ്ഞായിരുന്നു സംഘപരിവാര്‍ കലാപം. തബ‌്‌ലീഗി ജമാഅത്തെ മതസമ്മേ‌ളനം കഴിഞ്ഞ്‌ മടങ്ങുന്നവരെ ലക്ഷ്യമിട്ട്‌ ദേശീയപാതയിലേക്ക്‌ ആക്രമണം വ്യാപിപ്പിച്ചതോടെയാണ്‌ സുബോധ്‌ നിയന്ത്രിക്കാന്‍ ശ്രമിച്ചത്‌.

തുടര്‍ന്ന്‌ മഴുകൊണ്ട്‌വെട്ടിയും കല്ലെറിഞ്ഞും വെടിവച്ചും സുബോധിനെ കൊല്ലുകയായിരുന്നു. ദാദ്രിയില്‍ ഗോഹത്യയുടെപേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ‌് അഖ‌്‌ലാഖിന്റെ കേസ‌് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ‌്.സ്വീകരണം നല്‍കിയത്‌ വലിയ കാര്യമല്ലെന്ന്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ പ്രതികരിച്ചു. ജയിലില്‍നിന്നിറങ്ങുന്നവരെ അനുയായികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരിനോ ബിജെപിക്കോ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.

NO COMMENTS