ബിജെപി നേതാവിന്‍റെ മകളുടെ 500 കോടി മുടക്കിയുള്ള കല്ല്യാണം ഇന്ന്

190

ബംഗളുരു: അഞ്ഞൂറ് കോടിയോളം രൂപ ചിലവില്‍ കര്‍ണാടക മുന്‍ മന്ത്രി ഗലി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ വിവാഹം ബംഗളുരുവില്‍ ഇന്ന് നടക്കും. ആഡംബര വിവാഹത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ മാമാങ്കത്തെ കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്. ആയിരം രൂപയും അഞ്ഞൂറ് രൂപയും അസാധുവാക്കിയതിനെ തുടര്‍ന്ന് സാധാരണക്കാര്‍ പണത്തിനായി നെട്ടോടമോടുന്പോള്‍ കര്‍ണാടക മുന്‍ മന്ത്രി ഗലി ജനാര്‍ദ്ദന്‍ റെഡ്ഡി കോടികള്‍ ചെലവഴിച്ച്‌ മകളുടെ വിവാഹം നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാണ്. ബംഗളുരു പാലസ് ഗ്രൗണ്ടിലെ കൊട്ടാരം മാതൃകയിലുള്ള പന്തലില്‍ ഇന്ന് നടക്കുന്ന വിവാഹത്തിന് ഖനി വ്യവസായിയായ റെഡ്ഡി അഞ്ഞൂറ് കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് വിവരം. വിവാഹ ദിനത്തില്‍ വധു അണിഞ്ഞൊരുങ്ങുന്നത് പതിനേഴ് കോടി രൂപ വിലമതിക്കുന്ന പട്ട് സാരിയും തൊണ്ണൂറ് കോടി രൂപയുടെ ആഭരണങ്ങളുമാണെന്നാണ് റിപ്പോര്‍ട്ട്. കോടികള്‍ പൊടിച്ചുള്ള ആ‍ഡംബര വിവാദത്തെ ചൊല്ലി വിവാദങ്ങളും ശക്തമാണ്. കള്ളപ്പണത്തെ നേരിടാനായി നോട്ട് നിരോധനം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമായിരുന്ന റെഡ്ഡിയുടെ വിവാഹ മാമാങ്കം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വിവാഹത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വം ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ യെദ്യൂരപ്പ വ്യക്തമാക്കി. യെദ്യൂരപ്പയും ജഗദീഷ് ഷെട്ടാറും വിവാഹത്തിനെത്തുമെന്നാണ് സൂചന. അതേ സമയം കേന്ദ്രമന്ത്രിമാരായ അനന്ത്കുമാര്‍, സദാനന്ദ ഗൗഡ എന്നിവര്‍ വിട്ടുനിന്നേക്കും. ഇതിനിടെ വിവാഹത്തിനായി റെഡ്ഡി ചെലവഴിക്കുന്ന പണത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ നരസിംഹമൂര്‍ത്തി ആദായ നികുതി വകുപ്പില്‍ പരാതി നല്‍കി.

NO COMMENTS

LEAVE A REPLY