അരവിന്ദ് കെജ്രിവാള്‍ തട്ടിപ്പുകാരനും ചതിയനുമാണെന്ന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കാട്ജു

173

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ തട്ടിപ്പുകാരനും ചതിയനുമാണെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കാട്ജു. ആം ആദ്മി പാര്‍ട്ടിയില്‍ ആദ്യം വലിയ വിശ്വാസമായിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കെജ്രിവാള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ പല തട്ടിപ്പുകാര്‍ക്കും പാദസേവ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കളങ്കിതര്‍ക്കൊപ്പം നില്‍ക്കാത്തതുകൊണ്ടാണ് കെജ്രിവാള്‍ യോഗേന്ദ്ര യാദവിനൈയും പ്രശാന്ത് ഭൂഷണിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.അധികാരത്തിലേറിയ ഉടനെ ഡല്‍ഹിക്കുവേണ്ടി എ.എ.പി പലതും ചെയ്തിരുന്നു. അതിനെ താന്‍ അംഗീകരിച്ചതുമാണ്.എന്നാല്‍ പിന്നീട് അധികാരം പിടിച്ചെടുക്കാന്‍ മാത്രമുള്ള ഒരു പാര്‍ട്ടിയായി എ.എ.പി മാറിയെന്നും മറ്റ് അഴിമതി പാര്‍ട്ടികളുടെ അതേ രൂപത്തിലായെന്നും കാട്ജു ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. പക്ഷെ എ.എ.പി ഒരിക്കലും പഞ്ചാബിന് യോജിച്ചതല്ല. പഞ്ചാബിലെ ജനങ്ങള്‍ക്ക് നവജ്യോത് സിദ്ദുവിന്റെ ആവാസ് ഇ പഞ്ചാബിനെയാണ് ആവശ്യമെന്നും കാട്ജു അഭിപ്രായപ്പെട്ടു.ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിരവധി പഞ്ചാബികള്‍ തന്നോട് ചോദിച്ചിട്ടുണ്ട്. അവരോടെല്ലാം തനിക്ക് പറയാനുള്ളത് സിദ്ദുവിന്റെ പാര്‍ട്ടിയെ തിരഞ്ഞെടുക്കാനാണ്. പഞ്ചാബില്‍ നിലനില്‍ക്കുന്ന ലഹരി മാഫിയയെ ഇല്ലാതാക്കാനും കര്‍ഷക ആത്മഹത്യകള്‍ തടയാനും തൊഴിലില്ലായ്മ പരിഹരിക്കാനും സിദ്ദുവിന് മാത്രമേ കഴിയൂവെന്നും കാട്ജു പറയുന്നു.

NO COMMENTS

LEAVE A REPLY