ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

212

ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. സത്യപ്രതിജ്ഞ തടയണമെന്ന കോൺഗ്രസ് ഹർജി സുപ്രീം കോടതി ഇന്ന് രാവിലെ പത്തുമണിയോടെ അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കും. കോൺഗ്രസാണ് ഏറ്റവുംവലിയ ഒറ്റകക്ഷിയെന്നിരിക്കെ നിയമം തെറ്റിച്ചാണ് ഗവർണർ പരീക്കറെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഗോവയിൽ മനോഹർപരീക്കറും ഏഴ് മന്ത്രിമാരും വൈകുന്നേരം അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരം ഏറ്റെടുക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ മൃദുല സിൻഹ സത്യവാചകം ചൊല്ലിക്കൊടുക്കും. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ ചടങ്ങിനെത്തും. സഖ്യകക്ഷികളായ എംജിപി, ജിഎഫ്പി എന്നിവർക്ക് രണ്ടുമന്ത്രിസ്ഥാനങ്ങളാണ് നൽകുന്നത് .രണ്ട് സ്വതന്ത്രൻമാരെയും പരീക്കർ ക്യാബിനറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്.എംജിപി അധ്യക്ഷൻ സുധിൻ ധവ്ലിക്കറെ ഉപമുഖ്യമന്ത്രിയാക്കുമെന്നും ജിഎഫ്പി നിയമസഭാ കക്ഷിനേതാവ് വിജയ് സർദേശായിയെ നഗരവികസമന്ത്രിയാക്കുമെന്നാണ് വാർത്തകൾ. മന്ത്രിമാരുടെ വകുപ്പുകൾ രാത്രിയോടെ മാത്രമേ തീരുമാനിക്കു എന്ന് ബിജെപി അറിയിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനുപകരം ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. ഗോവ കോൺഗ്രസ് നിയമസഭാ കക്ഷിനേതാവ് ചന്ദ്രകാന്ത് കവലേക്കറുടെ ഹർജി അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ജഗ്ദീഷ് ഖേഹാർ അറിയിച്ചു. പ്രത്യേക ബെഞ്ച് ആയിരിക്കും ഹർജിയിൽ വാദം കേൾക്കുന്നത്. മനു അഭിഷേക് സിംഗ്വിയും കപിൽസിബലുമാണ് കോൺഗ്രസിനായിനായി ഹാജരാകുന്നത്.

NO COMMENTS

LEAVE A REPLY