രാജ്യത്തെ രക്ഷിക്കുന്നതിന് സി.പി.എമ്മുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് മമത ബാനര്‍ജി

158

കൊല്‍ക്കത്ത : രാജ്യത്തെ രക്ഷിക്കുന്നതിന് സി.പി.എമ്മുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ആശയപരമായ വിയോജിപ്പുകള്‍ മാറ്റിവച്ച്‌ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി എന്നീ പാര്‍ട്ടികളുമായും യോജിക്കാന്‍ തയ്യാറാണെന്ന് മമത വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ നയത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് മമത രാഷ്ട്രീയ വൈരികളുമായി യോജിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കിയ നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മമത ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നതിന് നിരവധി ബാങ്ക് ശാഖകളില്‍ താന്‍ സന്ദര്‍ശനം നടത്തി. രണ്ട് ലക്ഷത്തിലധികം എ.ടി.എമ്മുകള്‍ അടഞ്ഞ് കിടക്കുകയാണ്. ജനങ്ങള്‍ പ്രതിസന്ധിയിലാണെന്നും മമത പറഞ്ഞു. ഒരു ശതമാനം ആളുകളുടെ കയ്യിലാണ് കള്ളപ്പണമുള്ളത്. അതിന്‍റെ പേരില്‍ 99 ശതമാനം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും മമത പറഞ്ഞു.