ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മലാല പാകിസ്താനില്‍

336

നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ് പാകിസ്താനില്‍ തിരിച്ചെത്തി. താലിബാന്‍ ഭീകരര്‍ മലാലയ്‌ക്കെതിരെ നടത്തിയ അക്രമത്തിന് ശേഷം ഇതാദ്യമായാണ് മലാല പാകിസ്താനില്‍ എത്തുന്നത്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭീകരര്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ പാകിസ്താന്‍ സന്ദര്‍ശനം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മലാല പാകിസ്താനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്ന് താലിബാന്‍ നേരത്തേ ഭീഷണിയുയര്‍ത്തിയിരുന്നു. പാകിസ്താനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച മലാലയെ 2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ വെടിവച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ മലാല പിന്നീട് ലണ്ടനില്‍ ചികിത്സതേടുകയും ആരോഗ്യം വീണ്ടെടുത്തശേഷം അവിടെത്തന്നെ വിദ്യാഭ്യാസം ചെയ്തുവരികയുമാണ്. നിലവില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന മലാലയ്ക്ക് ലോകം നോബല്‍ സമ്മാനം നല്‍കി ആദരിച്ചിരുന്നു. സമാധാനത്തിനുള്ള നോബല്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

NO COMMENTS