മദ്യപിച്ചു ഡ്രൈവിങ്: നടപടിക്ക് എക്സൈസ് വകുപ്പിനും അധികാരം നല്‍കണമെന്നു ഋഷിരാജ് സിങ്

217

തിരുവനന്തപുരം• മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിക്കാനും നിയമ നടപടികള്‍ക്കും എക്സൈസ് വകുപ്പിനും അധികാരം നല്‍കണമെന്നാവശ്യപ്പെട്ടു കമ്മിഷണര്‍ ഋഷിരാജ്സിങ് സര്‍ക്കാരിനു കത്തു നല്‍കി. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള സ്പിരിറ്റ് കടത്തു തടയാന്‍ അഞ്ചു പ്രധാന ചെക് പോസ്റ്റുകളില്‍ വെഹിക്കിള്‍ സ്കാനര്‍ സ്ഥാപിക്കുക, അബ്കാരി കേസുകളുടെ ചട്ടങ്ങള്‍ പരിഷ്കരിക്കുക എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച ഡ്രൈവര്‍മാരെ പിടികൂടിയാലും നിയമനടപടികള്‍ക്ക് ഇപ്പോള്‍ എക്സൈസ് വകുപ്പിന് അധികാരമില്ല. പൊലീസിനും മോട്ടോര്‍വാഹന വകുപ്പിനും മാത്രമേ ഇതു സാധിക്കൂ. ഇത് എക്സൈസ് വകുപ്പിന്റെ നടപടികളെ ദുര്‍ബലമാക്കുന്നുവെന്നു ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു.
സ്പിരിറ്റ്, ലഹരി കടത്ത് തടയാനാണു പ്രധാന ചെക് പോസ്റ്റുകളില്‍ വാഹനം മൊത്തത്തില്‍ പരിശോധിക്കാന്‍ ശേഷിയുള്ള സ്കാനറുകള്‍ സ്ഥാപിക്കേണ്ടത്. അമരവിള, ആര്യങ്കാവ്, വാളയാര്‍, മഞ്ചേശ്വരം, കൂട്ടുപുഴ എന്നിവിടങ്ങളിലാണ് ഇതു വേണ്ടത്. പച്ചക്കറികളും മല്‍സ്യവും മറ്റും എത്തിക്കുന്ന വാഹനങ്ങളിലാണ് ഇവ കടത്തുന്നത്.
ഈ വാഹനങ്ങളുടെ പരിശോധന ഇപ്പോള്‍ തികച്ചും അശാസ്ത്രീയമായാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ വെഹിക്കിള്‍ സ്കാനറുകള്‍ സ്ഥാപിച്ചതോടെ കള്ളക്കടത്തു കുറഞ്ഞിട്ടുണ്ട്. അബ്കാരി കേസുകളില്‍ പിടിക്കുന്ന വസ്തുക്കളുടെ അളവിനനുസരിച്ചു ശിക്ഷയില്‍ മാറ്റം വേണമെന്നാണു മറ്റൊരു ആവശ്യം.
തൊണ്ടിയുടെ അളവിനനുസരിച്ചു മിനിമം, മീഡിയം, മേജര്‍ വിഭാഗങ്ങളിലായി കര്‍ശന ശിക്ഷ വേണം. ലഹരിവസ്തുക്കളുടെ അളവ് 999 മില്ലിഗ്രാമില്‍ കുറഞ്ഞാല്‍ ജാമ്യം നല്‍കാമെന്ന വ്യവസ്ഥ എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. ഈ പഴുതുപയോഗിച്ചു ലഹരിവില്‍പനക്കാര്‍ കടുത്ത നടപടികളില്‍നിന്നു രക്ഷപ്പെടുകയാണ്. ഇത് 100 മില്ലിഗ്രാം ആയി കുറയ്ക്കണമെന്നും എക്സൈസ് കമ്മിഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എക്സൈസ് വകുപ്പില്‍ അഞ്ഞൂറോളം തസ്തികകള്‍ കൂടി അനുവദിക്കുക, അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടിക്ക് അധികാരം തുടങ്ങിയ ആവശ്യങ്ങളും കമ്മിഷണര്‍ ഉന്നയിച്ചിട്ടുണ്ട്.
courtesy : manorama online

NO COMMENTS

LEAVE A REPLY