മോഡിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതിക്കണമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം

210

ഭോപ്പാല്‍: മോഡിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതിക്കണമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്നും മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റി പകരം മോഡിയെ ഉള്‍പ്പെടുത്തിയ നടപടി വിവാദമായയതിനു പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ നീക്കം. മോഡിക്കൊപ്പം സ്വാമി വിവേകാനന്ദന്റെ ഛായാചിത്രങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. എല്ലാ അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ അയച്ചുകഴിഞ്ഞു.സര്‍ക്കാര്‍ കോളജുകളിലും യൂണിവേഴ്സിറ്റികളിലും സര്‍ക്കാര്‍ ഓഫീസുകളിലും മോഡിക്കും വിവേകാനന്ദനുമൊപ്പം മഹാത്മാഗാന്ധി, ഡോ ബിആര്‍ അംബേദ്ക്കര്‍, പ്രണബ് മുഖര്‍ജി എന്നിവരുടെ ഛായാചിത്രവും പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്. നിര്‍ദേശം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഹയര്‍ എഡ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടരി ആശിഷ് ഉപാധ്യായ പറഞ്ഞു. ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. അതേസമയം സ്കൂളുകളില്‍ മോഡിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്‌എസിന്റെ സമ്മര്‍ദ്ദമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY