മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹത്തിനു കേസ്

175

പട്ന• ബിഹാര്‍ കൂടി ഏറ്റെടുക്കുമെങ്കില്‍ കശ്മീര്‍ പാക്കിസ്ഥാനു വിട്ടുനല്‍കാമെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹത്തിനു കേസ്. കഴിഞ്ഞദിവസമാണു കട്ജു ഫെയ്സ്ബുക്കില്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ബിഹാറിലെ ജെഡിയു എംഎല്‍സി നീരജ് കുമാര്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കട്ജുവിന്റെ പരാമര്‍ശത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപലപിച്ചിരുന്നു. കട്ജു ബിഹാറിന്റെ രക്ഷാധികാരി ചമയാനാണു ശ്രമിക്കുന്നതെന്നു നിതീഷ് കുമാര്‍ പരിഹസിച്ചു.കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു നടപടി ആവശ്യപ്പെട്ട് അരവിന്ദ്കുമാര്‍ എന്ന അഭിഭാഷകന്‍ പട്ന ജില്ലാക്കോടതിയെയും സമീപിച്ചിട്ടുണ്ട്.എതിര്‍പ്പു രൂക്ഷമായപ്പോള്‍ കഴിഞ്ഞദിവസം ‘ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ’ എന്ന വിശദീകരണത്തോടെ കട്ജു തടിതപ്പാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ നിലപാടു കടുപ്പിച്ചപ്പോള്‍ ഇന്നലെ കട്ജു പരിഹാസത്തെ പരിഹാസം കൊണ്ടു നേരിട്ടു. ‘ബിഹാറുകാര്‍ എനിക്കെതിരെ പരാതിയുമായി ഇനി ഐക്യരാഷ്ട്ര സംഘടനയെയും സമീപിക്കുമെന്നാണു തോന്നുന്നത്. ഞാന്‍ ബിഹാറിന്റെ രക്ഷാധികാരിയല്ല, ശകുനി അമ്മാവനാണ്’ – സുപ്രീം കോടതി മുന്‍ജഡ്ജി തിരിച്ചടിച്ചു.

NO COMMENTS

LEAVE A REPLY