കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച വേണ്ടെന്നു സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു

195

ന്യൂഡല്‍ഹി• കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച വേണ്ടെന്നു സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ചര്‍ച്ചയ്ക്കുപോയാല്‍ ഇന്ത്യ നാണം കെടും. ചൈന നല്‍കിയ ആയുധങ്ങളാണ് പാക്കിസ്ഥാന്‍ കശ്മീരില്‍ വിതരണം ചെയ്യുന്നതെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണു ചൈനയുടെ നീക്കമെന്നും കട്ജു പറഞ്ഞു. വിഘടനവാദികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന സര്‍വ്വകക്ഷി സംഘത്തിന്‍റെ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ജസ്റ്റിസ് ഉന്നയിച്ചത്. ചര്‍ച്ച നടത്തണമെന്നു പറയുന്നത് വിവരമില്ലായ്മയാണ്. വിഘടനവാദികളുമായുള്ള ചര്‍ച്ചകള്‍ പ്രയോജനമില്ലാത്തതാണ്. കശ്മീരിലെ അക്രമങ്ങള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണ്.പാക്കിസ്ഥാനെ ചൈന ഇതിനായി ഉപയോഗിക്കുന്നുണ്ട്. നാഗാലന്‍ഡിലെ സായുധകലാപം ചൈനയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും കട്ജു വ്യക്തമാക്കി.രാജ്യാന്തര ഇടപെടലുള്ളതിനാല്‍ അടുത്ത പത്തുപതിനഞ്ചു വര്‍ഷത്തേക്കു കശ്മീരിലെ സ്ഥിതി ഗതികളില്‍ മാറ്റമുണ്ടാകാനിടയില്ല. കശ്മീരിനു സ്വാതന്ത്ര്യം വേണമെന്നാണു വിഘടനവാദികളുടെ ആവശ്യം. പക്ഷെ, കശ്മീരിനു വേണ്ടത് തൊഴില്‍, ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവയാണ്. ഇവ നല്‍കി കശ്മീര്‍ ജനതയെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാരുകളും സംഘടനകളും പരാജയപ്പെട്ടുവെന്നും മാര്‍ക്കണ്ഡേയ കട്ജു കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY