ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാനത്ത് ഭരണ സ്തംഭനം : എംടി രമേശ്

240

കൊല്ലം: ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഇതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും രണ്ട് തട്ടിലാകുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. അഴിമതി ആരോപണ വിധേയനായ വിജിലന്‍സ് ഡയറക്ടറെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തന്നെ കവചം തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 8 മാസം കൊണ്ട് 10 കോടിയുടെ അഴിമതി നടത്തിയ മേഴ്സിക്കുട്ടിയമ്മയെ സിപിഎം കേന്ദ്ര നേതൃത്വം സംരക്ഷിക്കുന്നതില്‍ ദുരൂഹതയുണ്ട്. സ്വജനപക്ഷപാതം നടത്തിയ ഇ.പി ജയരാജന്റെ നടപടിയിലും ഗൗരവമുള്ളതാണ് മേഴ്സിക്കുട്ടിയമ്മയുടെ അഴിമതി. പൊതു ഖജനാവിന് നഷ്ടമുണ്ടാക്കി സമ്ബാദിച്ച 10 കോടിയില്‍ നിന്ന് കേന്ദ്രനേതൃത്വത്തിനും പങ്ക് കിട്ടിയതായി സംശയിക്കേണ്ടതുണ്ടെന്നും എം.ടി.രമേശ് ആരോപിച്ചു. റേഷന്‍ പ്രതിസന്ധിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് വ്യക്തമായിരിക്കെ കേന്ദ്രത്തിനെതിരെ സമരത്തിനൊരുങ്ങുന്ന നടപടി വിചിത്രമാണ്. ദേശീയ ഗാനം അംഗീകരിക്കാത്തവരെപ്പറ്റിയുള്ള എ.എന്‍.രാധാകൃഷ്ണന്റെ പരാമര്‍ശം എങ്ങനെയാണ് കമലിനെപ്പറ്റിയാകുന്നതെന്ന് രമേശ് ചോദിച്ചു. രാധാകൃഷ്ണന്‍ പറയാത്ത കാര്യം അദ്ദേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എം.ടി.രമേശ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY