ശബരിമലയിലെ സ്ത്രീ പ്രവേശനം ; മണ്ഡലകാലത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത് കൈവിട്ട കളിയാകുമെന്ന് എംടി രമേശ്

189

കൊച്ചി : ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ മണ്ഡലകാലത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ അത് കൈവിട്ട കളിയാകുമെന്ന് ബിജെപി നേതാവ് എംടി രമേശ്. മണ്ഡലകാലത്ത് നടതുറക്കുമ്പോള്‍ ഇതായിരിക്കില്ല സ്ഥിതി, ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എത്താന്‍ പോവുകയാണ്. സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കണം. അഞ്ചു ദിവസത്തെ അനുഭവം കൊണ്ട് സര്‍ക്കാര്‍ പാഠം പഠിച്ചില്ല എങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും എംടി രമേശ് പറഞ്ഞു.

മുഖ്യമന്ത്രി നുണ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി അയ്യപ്പ ഭക്തരെ ആക്ഷേപിക്കുന്നതു അപമാനകരമാണ്. ഒരു യുവതിയെ പോലും മല കയറ്റാന്‍ ആകാത്തതിന്റെ ഇച്ഛാഭംഗം ആള്‍ക്കൂട്ടത്തില്‍ ഉടുതുണി നഷ്ടപെട്ടവന്റെ ജാള്യത ആണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിക്ക് മാത്രമാണ് ഗൂഢാലോചന എന്ന് സംശയം. സന്നിധാനത്തു എന്ത് അക്രമം ഉണ്ടായത് എന്ന് മുഖ്യമന്ത്രി പറയണം. അധികാര ഗര്‍വ് കൊണ്ട് വിശ്വാസികളെ പീഡിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടന്നും രമേശ് പറഞ്ഞു.

ശബരിമലയെ തകര്‍ക്കാന്‍ ഉള്ള അരാജകവാദികളുടെ ശ്രമത്തെ സര്‍ക്കാര്‍ പിന്തുണക്കുകയാണ്. തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ശരണം വിളിച്ചതാണോ ക്രിമിനല്‍ പ്രവര്‍ത്തനം എന്നും ശബരിമല ഇന്‍കുലാബ് വിളിക്കാനുള്ള കേന്ദ്രമല്ലെന്നും എംടി രമേശ് പറഞ്ഞു. മദനിക്ക് വേണ്ടി നിയമസഭാ വിളിച്ചു ചേര്‍ത്തവര്‍ എന്തിനാണ് ശബരിമല ചര്‍ച്ച ചെയ്യാന്‍ സമ്മേളനം വിളിക്കാന്‍ വിമുഖത കാണിക്കുന്നത്. ഉടന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS