എല്‍ഡിഎഫ് മന്ത്രിസഭയിലെ പുതിയ അംഗമായി എം.എം.മണി സത്യപ്രതിജ്ഞ ചെയ്തു

183

തിരുവനന്തപുരം • പിണറായി മന്ത്രിസഭയിലെ പുതിയ അംഗമായി ഉടുമ്പന്‍ചോല എംഎല്‍എ എം.എം.മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനായി മണിയുടെ കുടുംബാഗംങ്ങളും നാട്ടുകാരും എത്തിയിരുന്നു. വിവാദ ബന്ധുനിയമനത്തില്‍ ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലാണു മണി മന്ത്രിയാകുന്നത്. മണിക്കു വൈദ്യുതിയും എ.സി.മൊയ്തീനു വ്യവസായവും കടകംപള്ളി സുരേന്ദ്രനു വൈദ്യുതിക്കു പകരം സഹകരണവും ടൂറിസവും ലഭിക്കുമെന്നാണു സൂചന. കടകംപള്ളി നിലവില്‍ കൈകാര്യം ചെയ്യുന്ന ദേവസ്വം വകുപ്പ് അദ്ദേഹത്തിന്‍റെ കൈവശം തുടരും. അഞ്ചുമാസം പിന്നിടുന്ന പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണിത്.
സത്യപ്രതിജ്ഞക്കു ശേഷം എം.എം.മണി സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്ക് 619 നമ്പര്‍ റൂമില്‍ എത്തി ചുമതലയേല്‍ക്കും. നിലവില്‍ മന്ത്രി എ.സി.മൊയ്തീന്‍ ഉപയോഗിക്കുന്ന മുറിയാണിത്.

1966ല്‍ 22-ാം വയസ്സിലാണ് മണി പാര്‍ട്ടി അംഗമാകുന്നത്. 74ല്‍ ജില്ലാ കമ്മിറ്റി അംഗം. 85ല്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് 88, 91, 93, 97, 2001, 2004, 2007, 2012 എന്നീ കാലയളവിലും ജില്ലാ സെക്രട്ടറിയായി. പിന്നീടു സംസ്ഥാന കമ്മിറ്റി അംഗം. 2012ല്‍ വിവാദമായ മണക്കാട്ടെ വണ്‍ ടൂ ത്രീ പ്രസംഗത്തെ തുടര്‍ന്നു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം. മണക്കാട്ടെ പ്രസംഗത്തിന്‍റെ പേരില്‍ 46 ദിവസം ജയില്‍വാസം അനുഭവിച്ചു.
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 96ല്‍ മത്സരിച്ചെങ്കിലും ഇ.എം.ആഗസ്തിയോടു പരാജയപ്പെട്ടു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് 1109 വോട്ടുകള്‍ക്കാണു എം.എം.മണി വിജയിച്ചത്. ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. സതി (രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്), ശ്യാമള, സുമ (രാജകുമാരി പഞ്ചായത്ത് അംഗം), ഗീത, ശ്രീജ (സഹകരണ ബാങ്ക് ഉദ്യോഗസ്ഥ) എന്നിവര്‍ മക്കള്‍.