കശാപ്പ് നിരോധന ഉത്തരവ് ഭരണഘടന വിരുദ്ധവും മൗലിക അവകാശങ്ങളിന്മേലുള്ള കടന്നാക്രമണവുമാണെന്ന് എം.എം.ഹസന്‍

304

തിരുവനന്തപുരം : രാജ്യത്ത് കന്നുകാലി കശാപ്പ് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ഭരണഘടന വിരുദ്ധവും മൗലിക അവകാശങ്ങളിന്മേലുള്ള കടന്നാക്രമണവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
റംസാന്‍ വ്രതം ആരംഭിക്കുന്ന ദിവസം തന്നെ ഇത്തരമൊരു ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത് ദുരുദ്ദേശത്തോടു കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു. കാള, പശു, പോത്ത് എന്നിവയുടെ കശാപ്പ് പൂര്‍ണ്ണമായും നിരോധിക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭക്ഷ്യ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. ഗോവധ നിരോധന നിയമം നിലവിലില്ലാത്ത കേരളത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കില്ല. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി അനിമല്‍സ് ആക്ട് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കന്നുകാലികളെ പീഢിപ്പിക്കുന്നതും ആക്രമിക്കുന്നതും തടയാനുള്ള ഈ നിയമത്തിന്റെ പരിധിയില്‍ കന്നുകാലികളുടെ കശാപ്പിനെ ഉള്‍പ്പെടുത്തുന്നത് സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ്. ഒരു ഫെഡറല്‍ ഭരണ സംവിധാനത്തില്‍ സംസ്ഥാനത്തിന് മേല്‍ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന പശുരാഷ്ട്രീയം വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് വേണ്ടിയുള്ളതാണ്. പുതിയ ഉത്തരവിന്റെ മറവില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലും ധ്രുവീകരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ സര്‍വ്വശക്തിയും ഉപയോഗിച്ച് കോണ്‍ഗ്രസ് ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഹസന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY