സഹപാഠിയായ കാമുകനെ തേടി നാഗര്‍കോവില്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പൊന്നാനിയില്‍

200

പൊന്നാനി: സഹപാഠിയായ കാമുകനെ തേടിയാണ് നാഗര്‍കോവില്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച പുലര്‍ച്ചെ പൊന്നാനിയിലെത്തിയത്. പോണ്ടിച്ചേരിയില്‍ മെഡിക്കല്‍ പഠനത്തിനിടെ പൊന്നാനി സ്വദേശിയായ സഹപാഠിയുമായി യുവതി തീവ്രമായ പ്രണയത്തിലായി. ഇതിനിടെ നാട്ടിലെത്തിയ യുവാവ് മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതറിഞ്ഞതോടെയാണ് കാറുമായി യുവതി കാമുകനെ അന്വേഷിച്ച്‌ പൊന്നാനിയിലെത്തിയത്.

യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതി പൊന്നാനി ഭാഗത്താണെന്ന് കണ്ടെത്തിയിരുന്നു. ഇതു പ്രകാരം വിവരം പൊന്നാനി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പുലര്‍ച്ച ഈ കാറിന് പോലീസ് കൈകാട്ടിയപ്പോള്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പള്ളപ്രത്ത് മണിക്കൂറുകളോളം നിര്‍ത്തിയിട്ടതോടെയാണ് നാട്ടുകാര്‍ ‘കഥ’കളുമായി രംഗത്ത് എത്തിയത്. പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും യുവതി ഡോര്‍ തുറക്കാന്‍ കൂടി തയ്യാറാകാതെ വന്നതോടെ പോലീസുകാരും കുഴങ്ങി.
ഇതിനിടെ ഹിന്ദു യുവതിയെ പ്രണയിച്ച മുസ്ലിം കാമുകന്‍ മതം മാറ്റാന്‍ കൊണ്ട് വന്നതാണെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചതോടെ രംഗം വഷളാവുകയും ചെയ്തു.ഇതിനിടയില്‍ പോലീസ് രക്ഷിതാക്കളെ വിളിച്ച്‌ വരുത്തി യുവതിയെ പറഞ്ഞയച്ചു. കാമുകനെക്കുറിച്ച്‌ പരാതി പറയാനോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ യുവതി തയ്യാറായില്ല.