ലണ്ടൻ ഓഹരി വിപണി വെള്ളിയാഴ്ച വ്യാപാരത്തിന് തുറന്നുകൊടുത്തു – മുഖ്യമന്ത്രി പിണറായി വിജയൻ

125

പശ്ചാത്തല സൗകര്യ വികസനത്തിന് പണം തടസ്സമല്ല – ലണ്ടൻ ഓഹരി വിപണി വെള്ളിയാഴ്ച വ്യാപാരത്തിന് തുറന്നുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതർ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരമൊരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ലണ്ടൻ സമയം രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്.

ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ.എം അബ്രഹാം എന്നിവരും പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൊന്നാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. 60 രാഷ്ട്രങ്ങളിലെ 2600-ലധികം കമ്പനികൾ ഇതിന്റെ ഭാഗമാണ്. വിപണി തുറന്നുകൊടുത്തശേഷം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി.

സംസ്ഥാനത്തെ പശ്ചാത്തല സൗകര്യവികസനത്തിന് പണം സമാഹരിക്കാനാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. ഇന്ത്യൻ കറൻസിയിൽ വിദേശ രാജ്യങ്ങളിൽ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യൻ രൂപയും വിദേശ കറൻസിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കിൽ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് നേട്ടം. ബോണ്ടിൽ പണം നിക്ഷേപിക്കുന്നവർക്കാണ് ഇതിന്റെ റിസ്‌ക്. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ആദ്യഘട്ടത്തിൽ 3,500 കോടി രൂപ വിദേശവിപണിയിൽ നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.

വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് ലണ്ടനിൽ മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി ഒരിക്കലും തടസ്സമാകില്ല. വ്യവസായ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കേരളം പിറകിലാണെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. സുഗമമായി വ്യവസായം നടത്തുന്നതിനുള്ള നയപരമായ ചട്ടക്കൂട് സർക്കാർ ഉണ്ടാക്കിക്കഴിഞ്ഞു.

അതനുസരിച്ച് നിയമങ്ങളിലും ഭരണനടപടികളിലും മാറ്റം വരുത്തി. നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാക്കാൻ ഇതിനകം ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ട്. വ്യവസായങ്ങൾക്ക് ഓൺലൈനിൽ അനുമതി നൽകുന്നതിന് ഏകജാലക സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. വ്യവസായം രജിസ്റ്റർ ചെയ്യും മുമ്പുള്ള ഉദ്യോഗസ്ഥ പരിശോധന ഒഴിവാക്കി. റിട്ടേണുകൾ ഓൺലൈനിൽ ഫയൽ ചെയ്യാം. നികുതി അടയ്ക്കുന്നതും ഓൺലൈനിലേക്ക് മാറ്റി.

വ്യവസായ അനുമതിക്കുള്ള എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാക്കി. കേരളത്തിൽ വ്യവസായരംഗത്ത് മുതൽമുടക്കാൻ വരുന്നവർക്ക് സർക്കാരിൽ നിന്ന് നല്ല പരിഗണന ലഭിക്കും. എന്നാൽ വ്യവസായവൽക്കരണം പരിസ്ഥിതിയെ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പാക്കും ജനക്ഷേമകരമായ നിയമങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടാവില്ല.

സർക്കാർ ഐ.ടി പാർക്കുകളിൽ വൻകിട ഐടി കമ്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ മറ്റു മേഖലകളിലും നിക്ഷേപം ആകർഷിക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ വികസനത്തിലൂടെ ചെറുപ്പക്കാർക്ക് അന്തസ്സുള്ള തൊഴിൽ ലഭ്യമാക്കുന്നതിനാണ് സർക്കാർ മുന്തിയ പരിഗണ നൽകുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, ഉയർന്ന യോഗ്യതയുള്ള മാനവ വിഭവ ശേഷിയുണ്ടാക്കൽ, നടപടിക്രമങ്ങൾ ലളിതമാക്കി നിക്ഷേപത്തിന് കൂടുതൽ അവസരമൊരുക്കൽ എന്നിവ സർക്കാരിന്റെ അടിയന്തര ലക്ഷ്യങ്ങളാണ്.

കേരളം സന്ദർശിക്കുന്ന വിദേശ സഞ്ചാരികളിൽ നല്ല പങ്ക് ബ്രിട്ടനിൽ നിന്നാണ്. എന്നാൽ ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവും പരിഹരിക്കണം. കേരളത്തിൽ മുതൽ മുടക്കാൻ യു.കെ.യിലെ സംരംഭകരെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും കേരളം നിക്ഷേപ സൗഹൃദമാണ്. കേരളത്തിലേക്ക് സ്വാഗതം’.

NO COMMENTS