ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നടന്ന വോട്ടിങ്ങിന്റെ അന്തിമ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു.

228

തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നടന്ന വോട്ടിങ്ങിന്റെ അന്തിമ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. 77.68 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. 83.05 ശതമാനം പോളിങ് നടന്ന കണ്ണൂരാണ് മുന്നിൽ. 73.45 ശതമാനം പോളിങ് നടന്ന തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. 82.48 ശതമാനത്തോടെ വടകര രണ്ടാമതും 81.47 ശതമാനത്തോടെ കോഴിക്കോട് മൂന്നാമതുമാണ്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 13 ഇടങ്ങളിലും പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ വോട്ട് ചെയ്തു. ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലാണ് പത്ത് ലക്ഷത്തിന് താഴെ വോട്ടർമാർ ബൂത്തിലെത്തിയത്.

സ്ത്രീ വോട്ടർമാരേക്കാൾ കൂടുതൽ പുരുഷ വോട്ടർമാരുള്ള സംസ്ഥാനത്തെ ഏക മണ്ഡലം മലപ്പുറമാണെങ്കിലും വോട്ട് ചെയ്തവരുടെ കണക്ക് നോക്കുമ്പോൾ പുരുഷൻമാർ മുന്നിൽ നിൽക്കുന്നത് കോട്ടയത്ത് മാത്രമാണ്. മലപ്പുറമടക്കം മറ്റെല്ലായിടങ്ങളിലും സ്ത്രീ വോട്ടർമാരാണ് വോട്ട് ചെയ്തവരിൽ മുന്നിൽ. കോട്ടയത്ത് 4,56,665 പുരുഷൻമാർ വോട്ട് ചെയ്തപ്പോൾ 4,50,894 സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിയത്.

174 ട്രാൻസ്ജെൻഡേഴ്സ് വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 63 പേർ മാത്രമാണ് വോട്ട് ചെയ്തത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ട്രാൻസ്ജെൻഡേഴ്സ് വോട്ടുകൾ നടന്നത്. 15 പേർ. വയനാട്ടിലും ആലപ്പുഴയിലും ഒരു ട്രാൻസ്ജെൻഡേഴ്സ് വോട്ട് പോലും പോൾ ചെയ്യപ്പെട്ടില്ല.

20,31,3833 വോട്ടുകളാണ് ആകെ സംസ്ഥാനത്ത് പോൾ ചെയ്തത്. ഇതിൽ 10,61,3049 വോട്ടുകൾ സ്ത്രീകളുടേതും 9,70,1721 വോട്ടുകൾ പുരുഷന്മാരുടേതുമാണ്. 63 ട്രാൻസ്ജെൻഡേഴ്സ് വോട്ടുകളും പോൾ ചെയ്യപ്പെട്ടു.

NO COMMENTS