ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; ബിജെപി കരുത്തരെ തന്നെ മത്സരത്തിന് ഇറക്കണം ; ഇത്തവണ മത്സരിപ്പിക്കാന്‍ സാധ്യതയുളളവര്‍

191

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുന്നു .ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കാത്തിരിക്കുകയാണ് ബിജെപി. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ ഏറ്റവും കരുത്തരെ തന്നെ മത്സരത്തിന് ഇറക്കണം എന്നത് ബിജെപിക്ക് അനിവാര്യമായിരിക്കുന്നു. ബിജെപി ഇത്തവണ മത്സരിപ്പിക്കാന്‍ സാധ്യതയുളളവര്‍ ഇവരാണ്. ശബരിമല വിഷയം തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടാക്കിയെന്ന് കണക്ക് കൂട്ടുന്നു ബിജെപി. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും സാധിച്ചെന്ന് വരില്ലെന്നും ബിജെപി കരുതുന്നു. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജയസാധ്യത മാത്രമാണ് പരിഗണിച്ചിരിക്കുന്നതും.മിസോറാം ഗവര്‍ണര്‍ പദവി രാജി വെപ്പിച്ച്‌ കുമ്മനം രാജശേഖരനെ തിരിച്ച്‌ എത്തിക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈ എടുത്തതില്‍ നിന്നും വ്യക്തമാണ്, ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് എത്രമാത്രം നിര്‍ണായകമാണ് എന്നത്. തിരുവനന്തപുരം സീറ്റില്‍ കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവും എന്നുറപ്പായിട്ടുണ്ട്.തിരുവനന്തപുരം സീറ്റില്‍ ശ്രീധരന്‍ പിളളയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നുവെങ്കിലും കുമ്മനം വന്നതോടെ ആ സാധ്യത അവസാനിച്ചു. ബിജെപി ഏറ്റവും പ്രതീക്ഷയുളള മറ്റൊരു സീറ്റായ പത്തനംതിട്ടയില്‍ ശ്രീധരന്‍ പിളളയെ ഇത്തവണ മത്സരത്തിന് ഇറക്കിയേക്കും എന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്.സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിക്കണം എന്നാണ് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. അതേസമയം തൃശൂരിന്റെ പാര്‍ട്ടി ചുമതലക്കാരന്‍ എഎന്‍ രാധാകൃഷ്ണനും ഈ സീറ്റില്‍ സാധ്യതയുണ്ട്.ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലാ ഘടകത്തിന് ശ്രീധരന്‍ പിളളയേക്കാള്‍ താല്‍പര്യം കെ സുരേന്ദ്രനോടാണ്. ശബരിമല വിഷയതത്തോടെ കെ സുരേന്ദ്രന് പാര്‍ട്ടിയില്‍ സ്വാധീനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.പത്തനംതിട്ട ശ്രീധരന്‍ പിളളയ്ക്ക് നല്‍കുകയാണ് എങ്കില്‍ സുരേന്ദ്രന് ലഭിക്കുക തൃശൂര്‍ ആയിരിക്കും.എന്നാല്‍ തൃശൂര്‍ സീറ്റ് സഖ്യകക്ഷിയായ ബിഡിജെഎസിന് നല്‍കുകയാണ് എങ്കില്‍ തുഷാര്‍ വെള്ളാപ്പളളി ഇവിടെ മത്സരിക്കും. തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ വെള്ളാപ്പളളി നടേശന്‍ ഉടക്കിട്ട് നില്‍ക്കുകയാണ്. അതേസമയം തുഷാര്‍ മത്സരത്തിന് ഇറങ്ങണം എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയിലുളള തുഷാര്‍ വെള്ളാപ്പളളി നാളെയോ മറ്റന്നാളോ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. അപ്പോള്‍ സുരേന്ദ്രന് ഏത് സീറ്റ് നല്‍കുമെന്നത് ബിജെപിയെ കുഴപ്പിക്കുന്നു.സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കേണ്ടതില്ല എന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുകയാണ് എങ്കില്‍ പത്തനംതിട്ട തന്നെ സുരേന്ദ്രന് ലഭിച്ചേക്കും.കൊല്ലത്ത് സുരേഷ് ഗോപി എംപി ബിജെപി സ്ഥാനാർഥി പട്ടികയിലുണ്ട്.ആറ്റിങ്ങലില്‍ ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ ബിജെപി പരിഗണിക്കുന്നുണ്ട്. മാത്രമല്ല പാലക്കാട് മണ്ഡലവും ശോഭാ സുരേന്ദ്രന് സാധ്യത കല്‍പ്പിക്കപ്പെടുന്ന സീറ്റാണ്. ഇടത് കോട്ടയായ കണ്ണൂരില്‍ സികെ പത്മനാഭനെയാണ് മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ബിജെപിക്ക് സ്വാധീനമുളള കാസര്‍ഗോഡ് പികെ കൃഷ്ണദാസിനെ ആണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഇന്നസെന്റിനെ ഇടതതുപക്ഷം വീണ്ടും ഇറക്കുന്ന ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണനെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി ആലോചിക്കുന്നുണ്ട്. പാലക്കാട് ശോഭാ സുരേന്ദ്രനെ കൂടാതെ കൃഷ്ണകുമാറിനേയും പരിഗണിക്കുന്നു.സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളളയുടെ പേര് പരിഗണിക്കുന്ന മറ്റൊരു മണ്ഡലം കോഴിക്കോട് ആണ്. എംടി രമേശിനേയും കെപി ശ്രീശനേയും ഈ മണ്ഡലത്തില്‍ പരിഗണിക്കുന്നത് ബിജെപി ചര്‍ച്ച ചെയ്യുന്നുണ്ട്. എംടി രമേശിന് പത്തനംതിട്ടയിലും സാധ്യത ഇല്ലാതില്ല. നാല് ജനറല്‍ സെക്രട്ടറിമാരുടെ പരിവര്‍ത്തന്‍ യാത്ര സമാപിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക.സിപിഎം എംഎല്‍എമാരെയും ജില്ലാ സെക്രട്ടറിമാരേയും അടക്കമുളള തഴക്കവും പഴക്കവും വന്ന നേതാക്കളെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസും മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നു. ഈ സാഹചര്യത്തില്‍ തങ്ങളും ഏറ്റവും ശക്തരെ തന്നെ രംഗത്ത് ഇറക്കേണ്ടതുണ്ട് എന്ന് ബിജെപിക്ക് ബോധ്യമുണ്ട്.

NO COMMENTS