സംസ്ഥാനത്ത് ലോക്ക്ഡൗൺ 30 വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും

18

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെ കോവിഡ് ടിപിആർ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്തു. അതിനാൽ എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ശനിയാഴ്ച രാവിലെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. മലപ്പുറത്ത് പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ പ്രവർത്തിക്കും.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പോസ്റ്റൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീൽഡ് ജീവനക്കാരെ വാക്‌സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതിൽപെടുത്തും. വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാണെങ്കിൽ അത് നൽകാൻ സംവിധാനമുണ്ടാക്കും. വിദേശത്ത് പോകുന്നവർക്ക് ആവശ്യമെങ്കിൽ പാസ്‌പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ചേർത്തുനൽകും.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച് ബോധവൽക്കരണവും സംഘടിപ്പിക്കും. മെഡിസിൻ ആന്റ് അലൈഡ് സയൻസസിലെ ശാസ്ത്രജ്ഞർ കോവിഡ് ചികിത്സക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസുകൾ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകൽ തടയുന്ന ആന്റി വൈറൽ മരുന്നാണിത്. ഇതിന് ഡ്രഗ് കൺട്രോളർ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അമിതമായി ഗുരുരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്‌സിജൻ ആശ്രയത്വം കുറയ്ക്കാൻ മരുന്ന് സഹായിക്കും. ഇതിന്റെ 50,000 ഡോസിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഓർഡർ നൽകി കഴിഞ്ഞു. ജൂണിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനുകൾ ഉൽപാദിപ്പിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കാൻ വാക്‌സിൻ ഉൽപാദക മേഖലയിലെ വിദഗ്ദരുമായി സർക്കാർ ചർച്ച നടത്തി വരികയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി കാമ്പസിൽ വാക്‌സിൻ കമ്പനികളുടെ ശാഖകൾ ആരംഭിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിലെ വിദഗ്ധർ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ശാസ്ത്രജ്ഞർ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാർ നടത്തി ധാരണയിലെത്തും.

ആദിവാസി കോളനികളിൽ അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. അവശ്യ സാധനങ്ങൾക്ക് വേണ്ടി ആദിവാസികൾ പുറത്തു പോകുന്നത് ഈ ഘട്ടത്തിൽ പ്രശ്‌നമാകും. അക്കാര്യം ശ്രദ്ധിക്കാനാണ് കലക്ടർമാർക്ക് നിർദേശം നൽകിയത്. അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അവശ്യ സർവീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കൃഷിക്കാർക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ഇതിന് പ്രത്യേക ഇളവ് നൽകും. വിത്തിറക്കാനും കൃഷിപ്പണിക്കും പോകുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കയ്യിൽ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ടെയിൻമെന്റ് സോണുകളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന് നിലവിൽ തടസ്സമില്ല. നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. അതിഥിത്തൊഴിലാളികൾക്ക് ജോലിയും വരുമാനവും ഉറപ്പാക്കാൻ ഇത് സഹായിക്കും. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർ പുറത്തു പോകുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണം ശക്തിപ്പെടുത്തി. ഇങ്ങനെ കഴിയുന്നവർ വീടുകളിൽ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിന് പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ഫോൺ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS