സര്‍ക്കാരിന്‍റെ മദ്യനയം നവംബറില്‍

192

തിരുവനന്തപുരം• ബവ്റിജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകള്‍ അടച്ചുപൂട്ടണമെന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു നാളത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിനു 10% ബവ്റിജസ് ഷോപ്പുകള്‍ പൂട്ടണമെന്ന നിര്‍ദേശം നടപ്പിലാക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം.ബവ്റിജസ് ഔട്ട്ലറ്റുകള്‍ പൂട്ടണമെന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവു നിലവിലുള്ളതിനാല്‍ ഇതു തിരുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവു ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിനു മുന്‍പു പുറത്തിറങ്ങണം. മുന്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുന്നതു മാറ്റിവയ്ക്കുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും വ്യക്തമാക്കി പുതിയ ഉത്തരവിറങ്ങാനാണു സാധ്യത.
ഗാന്ധിജയന്തിക്കു മുന്‍പുള്ള മന്ത്രിസഭായോഗമായതിനാലാണു നാളെ ഈ വിഷയം പരിഗണിക്കുന്നത്.
അതേസമയം, പുതിയ മദ്യനയം സംബന്ധിച്ചു എല്‍ഡിഎഫില്‍ ചര്‍ച്ച ആരംഭിച്ചു. നവംബര്‍ മാസത്തോടെ പുതിയനയം കൊണ്ടുവരുന്നതിനാണു തീരുമാനം. മുന്നണിയിലെ ഓരോ പാര്‍ട്ടിയിലും ചര്‍ച്ചചെയ്തശേഷം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാം എന്ന നിര്‍ദേശമാണു കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായത്. മുന്നണിയിലെ ചര്‍ച്ചകള്‍ ഒക്ടോബര്‍ 15ന് അകം പൂര്‍ത്തിയാക്കി പുതിയ മദ്യനയരൂപീകരണ ചര്‍ച്ചകളിലേക്കു കടക്കും.
ബവ്റിജസ് കോര്‍പ്പറേഷന്‍ മദ്യശാലകളുടെ പുനക്രമീകരണമടക്കമുള്ള കാര്യങ്ങള്‍ പുതിയ നയത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യും. ദേശീയപാതയുടെയും തിരക്കുള്ള പ്രദേശങ്ങളിലെയും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്നിലധികം മദ്യശാലകളുണ്ടെങ്കില്‍ അവ മറ്റുള്ള സ്ഥലങ്ങളിലേക്കു മാറ്റും. ടൂറിസം കേന്ദ്രങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കും. ഇതു സംബന്ധിച്ച പ്രാഥമിക പരിശോധന ബവ്റിജസ് കോര്‍പ്പറേഷന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY