കോപ അമേരിക്ക ഫുട്‌ബോളില്‍ രണ്ട് ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും ലയണൽ മെസ്സി ഇന്നലെ നിറഞ്ഞാടി

33

ബ്രസീലിയ: കോപ അമേരിക്ക ഫുട്‌ബോളില്‍ രണ്ട് ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും അര്‍ജന്റീന യ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഇറങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസ്സി ഇന്നലെ സൂയിബാബയിലെ സ്‌റ്റേഡിയത്തില്‍ നിറഞ്ഞാടിയത്. മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി

ബൊളീവിയക്കെതിരെ മെസ്സിക്ക് പുറമേ അലെക്സാന്‍ഡ്രോ ഡാരിയോ ഗോമസും ലോട്ടാറോ മാര്‍ട്ടിനെസും അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ബൊളീവിയയ്ക്കായി എര്‍വിന്‍ സാവേദ്ര ആശ്വാസ ഗോള്‍ നേടി. നാല് ഗോളുകള്‍ വഴങ്ങിയെങ്കിലും ബൊളീവിയന്‍ ഗോള്‍കീപ്പര്‍ ലാംപെ മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറച്ച അരഡസനോളം ഷോട്ടുകളാണ് താരം രക്ഷപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ബൊളീവിയന്‍ പരാജയം കൂടുതല്‍ ദയനീയമായേനെ.

തുടക്കം മുതല്‍ ബൊളീവിയന്‍ പോസ്റ്റിലേക്ക് മുന്നേറ്റങ്ങള്‍ മെനഞ്ഞ അര്‍ജന്റീനയ്ക്ക് തുടക്കത്തിലേ രണ്ട് അവസരങ്ങള്‍ ലഭിച്ചു. മൂന്നാം മിനിറ്റില്‍ അഗ്യൂറോയും കൊറിയയും തൊടുത്ത രണ്ട് ഷോട്ടുകള്‍ ബൊളീവി യന്‍ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ ആറാം മിനിറ്റില്‍ അര്‍ജന്റീന മത്സരത്തില്‍ ലീഡെടുത്തു.

അലെക്സാന്‍ഡ്രോ ഡാരിയോ ഗോമസാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ബൊളീവിയന്‍ പ്രതിരോധ താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ മെസ്സി നല്‍കിയ പാസ് ഗോമസ് അനായാസം വലയിലെത്തിച്ചു. തുടര്‍ന്ന് മെസ്സിയും അഗ്യൂറോയും കോറിയയുമെല്ലാം പലതവണ ബൊളീവിയന്‍ ഗോള്‍മുഖത്ത് ഭീതിപരത്തി. മത്സര ത്തിന്റെ തുടക്കത്തില്‍ പതറിയെങ്കിലും പതിയേ ബൊളീവിയയും മത്സരത്തില്‍ പിടിമുറുക്കി. ഇതോടെ മത്സരം ആവേശത്തിലായി.

31-ാം മിനിറ്റില്‍ പന്തുമായി ബൊളീവിയന്‍ ബോക്സിലേക്ക് മുന്നേറിയ അലെക്സാണ്ടര്‍ ഗോമസിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് അര്‍ജന്റീനയ്ക്കനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത നായകന്‍ മെസ്സിക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ ലാംപെയെ നിസ്സഹായനാക്കി മെസ്സി അനായാസം പന്ത് വലയി ലെത്തിച്ചു. ഇതോടെ അര്‍ജന്റീന 2-0ന് മുന്നിലെത്തി. 38-ാം മിനിറ്റില്‍ ബൊളീവിയയ്ക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. അവരുടെ ജേസണ്‍ ചൂറയുടെ ഉഗ്രന്‍ ലോങ്റേഞ്ചര്‍ അര്‍ജന്റീന ഗോള്‍കീപ്പര്‍ അര്‍മാനി മികച്ച ഡൈവിലൂടെ തട്ടിയകറ്റി.

41-ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാം ഗോളും അര്‍ജന്റീനയുടെ മൂന്നാം ഗോളും സ്വന്തമാക്കി. ഇത്തവണ സെര്‍ജിയോ അഗ്യൂറോയുടെ പാസ്സില്‍ നിന്നാണ് മെസ്സി ഗോള്‍ നേടിയത്. ബോക്സിനകത്തേക്ക് മുന്നേറാ നൊരുങ്ങിയ മെസ്സിയുടെ കാലിലേക്ക് ബൊളീവിയന്‍ പ്രതിരോധ താരങ്ങള്‍ക്ക് മുകളിലൂടെ കൃത്യമായി പന്തെത്തിക്കാന്‍ അഗ്യൂറോയ്ക്ക് കഴിഞ്ഞു. പന്ത് സ്വീകരിച്ച്‌ ബോക്സിന് പുറത്തുനിന്ന് മെസ്സി ഗോള്‍കീപ്പര്‍ ലാംപയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. പിന്നീട് രണ്ട് അവസരങ്ങള്‍ അഗ്യൂറോ നഷ്ടമാക്കിയതിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും അര്‍ജന്റീന ലീഡുയര്‍ത്തുന്നതിന്റെ ഭാഗമായി ആക്രമിച്ചുതന്നെയാണ് കളിച്ചത്. അഞ്ച് പ്രതിരോധതാരങ്ങളെയാണ് ബൊളീവിയ അര്‍ജന്റീന ആക്രമണങ്ങളെ നേരിടാനായി വിന്യസിച്ചത്. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ ആക്രമിച്ച്‌ കളിക്കാനും ബൊളീവിയ മറന്നില്ല. 60-ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കുകയും ചെയ്്തു. നായകന്‍ ജസ്റ്റിനിയാനോയുടെ മികച്ച ക്രോസ് സ്വീകരിച്ച സാവേദ്ര ഗോള്‍ കീപ്പര്‍ അര്‍മാനിയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. അര്‍ജന്റീന പ്രതിരോധം വരുത്തിയ അലസതയാണ് ഗോളിന് വഴിവച്ചത്. മൂന്നു മിനിറ്റിനുശേഷം അര്‍ജന്റീന ഗോള്‍ പട്ടിക തികച്ചു.

63-ാം മിനിറ്റില്‍ അഗ്യൂറോയ്ക്ക് പകരക്കാരനായി ഇറങ്ങിയ മാര്‍ട്ടിനെസാണ് രണ്ട് മിനിറ്റിനു ശേഷം ഗോള്‍ നേടിയത്. ബൊളീവിയന്‍ ബോക്സിനുള്ളില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. തുടര്‍ന്നും ആക്രമിച്ച്‌ കളിച്ച അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സിയും, മാര്‍ട്ടിനെസും ആല്‍വാരെസും തുടര്‍ച്ചയായി ഷോട്ടുകളുതിര്‍ത്തെങ്കിലും ബൊളീവിയന്‍ ഗോളി ലാംപെ അവതെല്ലാം രക്ഷപ്പെടുത്തി.

കോപ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയയുടെ തുടര്‍ച്ചയായ 12-ാം തോല്‍വിയാണിത്. ക്വാര്‍ട്ടറില്‍ ഇക്വഡോറാണ് അര്‍ജന്റീനയുടെ എതിരാളികള്‍. വിജയത്തോടെ ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായാണ് അര്‍ജന്റീന ഒന്നാമതെത്തിയത്. കളിച്ച നാലു മത്സരങ്ങളും തോറ്റ ബൊളീവിയ പുറത്തായി. അര്‍ജന്റീനക്കായി മെസ്സി ഇന്നലെ 148-ാം മത്സരത്തിനായാണ് ഇറങ്ങിയത്. 147 കളികളില്‍ ജേഴ്‌സിയണിഞ്ഞ ഹാവിയര്‍ മഷറാനോയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.

NO COMMENTS