സ്പാനിഷ് – ലാലിഗ – ഫുട്ബാളില്‍ ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത് – സൂപ്പര്‍ താരം ലയണല്‍ മെസി

228

മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളില്‍ കഴിഞ്ഞ രാത്രി നടന്ന മത്സരത്തില്‍ മുന്‍നിരക്കാരായ ബാഴ്സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എസ്‌പാന്യോളിനെ കീഴടക്കി. ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത് സൂപ്പര്‍ താരം ലയണല്‍ മെസിയാണ്.

കഴിഞ്ഞയാഴ്ച അര്‍ജന്റീനയ്ക്കുവേണ്ടി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങി തീര്‍ത്തും നിറം മങ്ങുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്ന മെസി പതിവുപോലെ ക്ളബിന്റെ കുപ്പായമണിഞ്ഞപ്പോള്‍ സൂപ്പര്‍ ഫോമിലേക്ക് ഉയരുകയായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ 71-ാം മിനിട്ടിലും 89-ാം മിനിട്ടിലുമാണ് മെസി സ്കോര്‍ ചെയ്തത്.

71-ാം മിനിട്ടില്‍തന്നെ വിക്ടര്‍ സാഞ്ചസ് ഫൗള്‍ ചെയ്തിട്ടതിന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലാക്കുകയായിരുന്നു മെസി.89-ാം മിനിട്ടില്‍ ഇടതുവിംഗില്‍ നിന്ന് മാല്‍ക്കം നല്‍കിയ ക്രോസാണ് മെസി തന്റെ രണ്ടാംഗോളാക്കി മാറ്റിയത്. ഇൗ വിജയത്തോടെ ബാഴ്സലോണയ്ക്ക് 29 മത്സരങ്ങളില്‍നിന്ന് 69 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ 10 പോയിന്റ് മുന്നിലാണ് ബാഴ്സലോണ. മൂന്നാംസ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് 28 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റ് നേടിയിട്ടുണ്ട്.

NO COMMENTS