ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്

286

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്. മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറും വിദ്യാര്‍ത്ഥികളുമായി ഇന്ന് ചര്‍ച്ച നടത്തും. മന്ത്രിസഭായോഗ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച . 11.30ന് വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. മന്ത്രി വി എസ് സുനില്‍കുമാറാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്.അതേസമയം ലോ അക്കാദമിയിലെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞു വീണ് മരിച്ച സാഹചര്യത്തിൽ സമരത്തിന്റെ രൂപം മാറാനാണ് സാധ്യത. സമരം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടും. എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. അത്മഹത്യാ ഭീഷണിയുമായി എബിവിപി പ്രവർത്തകൻ മരത്തിന് മുകളിൽ കയറി. കെ എസ് യു പ്രവർത്തകർ ദേഹത്ത് പെട്രോൾ ഒഴിച്ചു. ഇതേത്തുടർ പൊലീസ് നടപടി ശക്തമാക്കി. തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് അബ്ദുൽ ജബ്ബാർ എന്നയാൾ കുഴഞ്ഞുവീണ് മരിച്ചത്. സമരത്തിനിടെ ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം. കോൺഗ്രസ് നേതാവ് കെ മുരളീധരൻ, ബിജെപി നേതാവ് വി വി രാജേഷ് എന്നിവരുടെ നിരാഹാര സമരം തുടരുകയാണ്.

NO COMMENTS

LEAVE A REPLY