ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്കു നീട്ടി

192

കൊച്ചി ∙ ലാവ്‍ലിന്‍ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്കു നീട്ടി. സിബിഐയുടെ അപേക്ഷ അംഗീകരിച്ചാണ് ജസ്റ്റിസ് ബി.കെമാൽപാഷയുടെ തീരുമാനം. അഡീഷനൽ സോളിസിറ്റർ ജനറലാണ് ഹാജരാകുന്നതെന്നും കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സൗകര്യപ്രദമായ ദിവസം മുൻകൂട്ടി അറിയിക്കാൻ കോടതി നിർദേശിച്ചു.

ലാവ്‍ലിൻ കേസിൽ പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് വിശദമായ വാദം കേൾക്കാതെയാണെന്നാണ് റിവിഷൻ ഹർജിയിലെ സിബിഐയുടെ വാദം. കേസിൽ കക്ഷിയല്ലാത്തതിനാൽ കെ.എം.ഷാജഹാന്റെയും ടി.പി.നന്ദകുമാറിന്റെയും റിവിഷൻ ഹർജികൾ പരിഗണിക്കാനാകില്ലെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവ്‍ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാർ വൈദ്യുതി ബോർഡിനും സർക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണു കേസ്.

NO COMMENTS

LEAVE A REPLY