നൂറാം ജന്മവാര്‍ഷിക വേളയില്‍ ലാറി ബേക്കറിനു പ്രണാമവുമായി ബിനാലെ വേദി

285

കൊച്ചി: പാര്‍പ്പിടങ്ങളെ എങ്ങനെ അതിനുള്ളിലെ ജീവിതങ്ങളുടെ ഭാഷ സംസാരിക്കുന്ന കലാസൃഷ്ടികളായി മാറ്റിനിര്‍മിക്കാമെന്നു മലയാളിയെ പഠിപ്പിച്ച മഹാനായ വാസ്തുശില്‍പി ലാറി ബേക്കര്‍ക്കു പ്രണാമമര്‍പ്പിച്ച് കൊച്ചി മുസിരിസ് ബിനാലെ 2016.
ആഡംബരങ്ങളുടെയും ധൂര്‍ത്തിന്റെയും പൊങ്ങച്ചങ്ങളുടെയും എട്ടുകെട്ടുകളില്‍നിന്ന് ലാളിത്യത്തിന്റെ നടുമുറ്റങ്ങളിലേക്കും പ്രകാശം പരത്തുന്ന അകത്തളങ്ങളിലേക്കും മലയാളികളുടെ പാര്‍പ്പിനെ പറിച്ചുനടാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച ബേക്കറുടെ സ്മരണ ജ്വലിപ്പിച്ച, ഡോക്കുമെന്ററിയുടെ പ്രദര്‍ശനം ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡില്‍ നടന്നു.

കൊച്ചി ബിനാലെ ഫൗണ്ടേഷനും ഗുബി അലൈന്‍സ് ഫോര്‍ സസ്റ്റൈനബിള്‍ ഹാബിറ്റാറ്റും ചേര്‍ന്നാണു പരിപാടിയൊരുക്കിയത്. ജീവിച്ചിരുന്നെങ്കില്‍ ഇക്കൊല്ലം നൂറു വയസ്സു പൂര്‍ത്തിയാക്കുമായിരുന്ന ബേക്കറിന്റെ നര്‍മബോധത്തിലേക്കും കലാബോധത്തിലേക്കും കടന്നുചെല്ലുന്ന ഡോക്കുമെന്ററിയൊരുക്കിയത് ചെറുമകന്‍ വിനീത് രാധാകൃഷ്ണനാണ്. ഡോക്കുമെന്ററിക്കു ശേഷം ബേക്കേറിയന്‍ പൈതൃകത്തെ അധികരിച്ച് വാസ്തുശില്‍പികള്‍ പങ്കെടുത്ത ചര്‍ച്ചയും നടന്നു. അസാമാന്യ വിവേകം- ലാറി ബേക്കറിന്റെ ജീവിതവും വാസ്തുശില്‍പകലയും എന്ന ഡോക്കുമെന്ററിക്കു വേദിയായത് ആര്‍ക്കിടെക്ട് ടോണി ജോസഫ്, കമുകിന്‍പലകകളും വസ്ത്രക്കീറുകളും കൊണ്ടു തീര്‍ത്ത പവിലിയനാണ്.

ബ്രിട്ടനില്‍നിന്ന് 1970ല്‍ തിരുവനന്തപുരത്തെത്തിയ ബേക്കര്‍, 2007ല്‍, തൊണ്ണൂറാം വയസ്സില്‍ ജീവിതാവസാനം വരെയും അവിടെ തുടര്‍ന്നു. മലയാള മണ്ണിന് അനുഗ്രഹമായി ബേക്കറുടെ ഒട്ടേറെ ലളിതഗൃഹങ്ങള്‍ പിറവിയെടുത്തു. പ്രിയപ്പെട്ടവര്‍ ഡാഡി എന്നു വിളിച്ച ബേക്കറുടെ ശൈലി മലയാളിയുടെ പാര്‍പ്പിട സംസ്‌കാരത്തില്‍ മായാത്ത മുദ്രയായി.

ലാറി ബേക്കര്‍ രാജ്യമാസകലം നിര്‍മിച്ച കെട്ടിടങ്ങളെ പിന്തുടരുകയെന്ന കൗതുകത്തിനപ്പുറം, വീട്ടുടമകള്‍ക്ക് അദ്ദേഹം ഇത്രത്തോളം പ്രിയങ്കരനായതെങ്ങനെ എന്ന അന്വേഷണം കൂടിയായിരുന്നു ഡോക്കുമെന്ററിയെന്നു വിനീത് പറയുന്നു. ഇന്ത്യന്‍ കോഫി ഹൗസ് മന്ദിരം പോലെ മുത്തച്ഛന്‍ ഒരുക്കിയ എല്ലാ കെട്ടിടങ്ങള്‍ക്കു പിന്നിലും ഓരോ കഥയുണ്ടാകും. വീടുകെട്ടാനായി അദ്ദേഹത്തെ സമീപിച്ചവര്‍ക്കും പറയാന്‍ ഇതുപോലെ കഥകളുണ്ടാകുമെന്നും വിനീത് ഓര്‍മിച്ചു. നാലുവര്‍ഷം കൊണ്ടാണ് 107 മിനിട്ട് നീളുന്ന ഡോക്കുമെന്ററി പൂര്‍ത്തിയായത്.

പ്രയത്‌നങ്ങള്‍ രേഖയിലാക്കി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ബേക്കറിന്റെ പഴയ പെട്ടികളും സ്വകാര്യവസ്തുക്കളും ഏറെ പരതിയാണ് അടിസ്ഥാനവിവരങ്ങള്‍ സംഘടിപ്പിച്ചതെന്ന് വിനീത് പറഞ്ഞു. പഴയ വിഡിയോ ശകലങ്ങള്‍ പലയിടത്തുനിന്നും തിരഞ്ഞു കണ്ടെത്തി. അദ്ദേഹത്തെ അടുത്തറിഞ്ഞ ഇന്ത്യയൊട്ടാകെയുള്ള വാസ്തുശില്‍പ്പികളുമായി സംസാരിച്ചു.
ഏതെങ്കിലുമൊരു പ്രതിബന്ധത്തെ അതിജീവിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഓരോ കെട്ടിടവും നിര്‍മിച്ചത്. സാമ്പത്തിക ഞെരുക്കം, വെല്ലുവിളിയുയര്‍ത്തുന്ന ഭൂമി, ജലക്ഷാമം അങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉയര്‍ന്നുവരും. തേയ്ക്കാത്ത ഇഷ്ടികകളും മുള കൊണ്ടു ബലപ്പെടുത്തിയ കോണ്‍ക്രീറ്റും മാത്രമല്ല അദ്ദേഹത്തിന്റെ സംഭാവനകള്‍. ബേക്കറിന്റെ ആശയങ്ങളും സന്ദേശങ്ങളും നിര്‍മാണശൈലിക്കപ്പുറത്തേക്കു കടന്നുചെന്നു. അവ ഇഷ്ടപ്പെടുന്ന യുവതലമുറ ഇപ്പോഴുമുണ്ടെന്നും വിനീത് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

പ്രകൃതിയെ നോവിക്കാതെ, ഭൂമിയുടെ കിടപ്പിന്റെ താളം തെറ്റിക്കാതെ തികച്ചും നിസ്വാര്‍ഥമായൊരുക്കിയ വീടുകള്‍ തന്നെയാണ് ബേക്കര്‍ അവശേഷിപ്പിച്ച പാഠങ്ങള്‍. ബേക്കറില്‍നിന്നുള്ള പാഠങ്ങള്‍ എന്നു പേരിട്ട ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പരിസ്ഥിതി സൗഹൃദങ്ങളായ ചെലവു കുറഞ്ഞ വീടുനിര്‍മാണ ശൈലി മാതൃകയാക്കുന്ന വാസ്തുശില്‍പ്പികളാണ് പങ്കെടുത്തത്. വിക്രം വര്‍മ, നീലം മഞ്ജുനാഥ്, ഡീന്‍ ഡിക്രൂസ്, ഹിമാന്‍ശു ബര്‍തെ, ജീത് ഐപ്, മാലിനി കൃഷ്ണന്‍കുട്ടി, സത്യപ്രകാശ് വരണാശി, സുഹാസിനി അയ്യര്‍, ധര്‍മേഷ് ജഡേജ എന്നിവര്‍ ബേക്കര്‍ സ്മരണകളും അദ്ദേഹത്തിന്റെ ശൈലിയുടെ സവിശേഷതകളും പങ്കുവച്ച ചര്‍ച്ചയില്‍ ജയ്‌ഗോപാല്‍ റാവു മോഡറേറ്ററായി.

പരിസ്ഥിതിക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കുമിണങ്ങുന്ന രീതിയില്‍ നിര്‍മിതികള്‍ ഒരുക്കുന്നതില്‍ ബേക്കര്‍ക്കുണ്ടായിരുന്ന ആധുനിക വീക്ഷണം തദ്ദേശ വാസ്തുശില്‍പ രീതികളുമായി കൂട്ടിയിണക്കി അവതരിപ്പിച്ച അസാമാന്യ പ്രതിഭയായിരുന്നു ബേക്കറെന്ന് ന്യൂയോര്‍ക്ക് നഗരത്തിലെ കാഴ്ചക്കാരുടെ ഇടയില്‍ വേറിട്ട സാന്നിധ്യമായിരുന്ന മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തിലെ ആര്‍കിടെക്ച്ചര്‍-ഡിസൈന്‍ ക്യുറേറ്റര്‍ മാര്‍ട്ടിനോ സ്റ്റേര്‍ലി പറഞ്ഞു. ചെലവു കുറഞ്ഞ കെട്ടിടങ്ങള്‍ കാലത്തെ അതിജീവിക്കില്ലെന്നും സൗന്ദര്യപരമായിരിക്കില്ലെന്നുമുള്ള ധാരണകളെ അദ്ദേഹം തിരുത്തിയെഴുതി. ഈ വേദി പോലും ബേക്കര്‍ ശൈലിയുടെ പിന്തുടര്‍ച്ചയാണ്, അദ്ദേഹത്തിന്റെ ശൈലി നിലനില്‍ക്കുന്നുവെന്നതിനു തെളിവാണെന്നും സ്റ്റേര്‍ലി പറഞ്ഞു.

NO COMMENTS

LEAVE A REPLY