ലേ: ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ ഇന്ത്യ നടത്തുന്ന കനാല്‍ നിര്‍മ്മാണം ചൈന തടഞ്ഞു. കഴിഞ്ഞ ദിവസമാണ് ലേയില്‍ നിന്നും 250 കിലോമീറ്റര്‍ കിഴക്കായി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇന്ത്യ നിര്‍മ്മിക്കുന്ന കനാല്‍ നിര്‍മാണം ചൈന തടഞ്ഞത്. ഒരു അരുവിയില്‍ നിന്നും സമീപ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ളതായിരുന്നു കനാല്‍. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥലത്തെ നിര്‍മ്മാണത്തിനിടെ 55 ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നെത്തി നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സമീപത്തുണ്ടായിരുന്ന 70 ഇന്ത്യന്‍ സൈനികര്‍ ഇത് ചെറുക്കുകയും ചൈനീസ് സൈന്യത്തിന്‍റെ കൂടുതല്‍ കടന്ന് കയറ്റം തടയുകയും ചെയ്തു. നിര്‍മാണം ഉടന്‍ നിര്‍ത്തിവെക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍ കൂട്ടി അറിയിക്കണമെന്നുമായിരുന്നു ചൈനീസ് സൈനികരുടെ ആവശ്യം. എന്നാല്‍ സൈനികാവശ്യങ്ങള്‍ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമെ മുന്‍ കൂട്ടി അറിയിക്കേണ്ടതുള്ളുവെന്നാണ് ഇന്ത്യയുടെ നിലപാട്.
എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത് പതിവാണെന്നും ഇരു രാജ്യങ്ങളും ഇങ്ങനെ പ്രതികരിക്കാറുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിച്ചതായും സൈന്യം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റെടുത്തതിന് ശേഷം വളരെ ശക്തമായ നിലപാടാണ് ചൈനയുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്നത്. അതിര്‍ത്തി പ്രദേശത്തു കൂടി 72 ഓളം റോഡുകളാണ് അടുത്തിടെ നിര്‍മിച്ചത്. റോഡുകള്‍ക്ക് പുറമെ എയര്‍ഫീല്‍ഡുകളും ഇന്ത്യ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്.