വെള്ളം കുടിക്കാന്‍ അതിര്‍ത്തി കടന്നെത്തിയ പാക്ക് ബാലനെ ഇന്ത്യ തിരിച്ചേല്‍പ്പിച്ചു

214

ഫിറോസ്പൂര്‍• പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ തുടരുന്നതിനിടെ അതിര്‍ത്തി കടന്നെത്തിയ പാക്ക് ബാലനെ ഇന്ത്യ തിരിച്ചേല്‍പ്പിച്ചു. പഞ്ചാബിലെ ഫിറോസ്പൂരിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം. കന്നുകാലികളെ തീറ്റിക്കുന്നതിനിടെ പന്ത്രണ്ടുകാരനായ മുഹമ്മദ് തന്‍വീര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ഇന്ത്യന്‍ മേഖലയില്‍കണ്ട കിണറ്റില്‍നിന്നു വെള്ളം കുടിക്കുന്നതിനാണ് തന്‍വീര്‍ അതിര്‍ത്തി കടന്നതെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബിഎസ്ഫിന്റെ കണ്ണില്‍പ്പെട്ട കുട്ടിയെ അവര്‍ പാക്ക് റേഞ്ചേഴ്സിനു കൈമാറി. ഇന്നു രാവിലെ പാക്ക് റേഞ്ചേഴ്സിനെ വിളിച്ച്‌ കുട്ടിയെ കൈമാറുകയായിരുന്നുവെന്ന് ബിഎസ്‌എഫ് വക്താവ് പറഞ്ഞു.പാക്കിസ്ഥാനിലെ കസൂര്‍ ജില്ലയിലെ ധരി സ്വദേശിയാണ് മുഹമ്മദ് തന്‍വീര്‍.
ഉറി ഭീകരാക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കിയിരുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടതിനു പിന്നാലെ പാക്കിസ്ഥാനിലേക്കു അതിക്രമിച്ചു കയറിയെന്നാരോപിച്ചു ഇന്ത്യന്‍ സൈനികനെ അവര്‍ പിടികൂടിയിരുന്നു. ജവാന്റെ മോചനത്തിനായി ഇന്ത്യ, പാക്ക് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. എന്നാല്‍ അതിര്‍ത്തിയിലെ പാക്ക് പ്രകോപനം ഇപ്പോഴും തുടരുകയാണ്.

NO COMMENTS

LEAVE A REPLY