പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യൂ

148

ജമ്മു • നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യൂ. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെജി) സെക്ടറിലാണ് പാക്ക് സൈന്യം വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തി പ്രകോപനം സൃഷ്ടിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ജനവാസമേഖലകളും പ്രതിരോധ മേഖലകളും ഉള്‍പ്പെടെ നാലു സ്ഥലങ്ങളിലേക്കാണ് പാക്കിസ്ഥാന്‍റെ ആക്രമണമുണ്ടായതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടിച്ചു. പാക്കിസ്ഥാന്‍ നടത്തുന്നതു പോലെ ഷെല്ലാക്രമണം തന്നെയാണ് ഇന്ത്യയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 12 സാധാരണക്കാരും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. പാക്കിസ്ഥാന്‍റെ പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. ഇന്ത്യന്‍ സൈനികനെ തലയറുത്തു കൊന്നതിനു പകരമായി ഒക്ടോബര്‍ 29ന് ഇന്ത്യ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. നാലു പാക്കിസ്ഥാന്‍ പട്ടാള പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യം 20 പാക്ക് സൈനികരെയെങ്കിലും വധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.