മാധ്യമങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയം : പത്രപ്രവര്‍ത്തക യൂണിയന്‍

178

തിരുവനന്തപുരം• സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതു ചാനലുകള്‍ വാടകയ്ക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയവും ഭാവനാത്മകവുമാണെന്നു കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് (കെയുഡബ്ലിയുജെ) സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി.നാരായണനും ചൂണ്ടിക്കാട്ടി.ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. കരിങ്കൊടി കാട്ടിയവരെ തലോടുകയും അതിന്റെ ദൃശ്യം പകര്‍ത്തിയവരെ അവഹേളിക്കുകയും ചെയ്യുന്നതു ശരിയാണോയെന്നു മുഖ്യമന്ത്രി പരിശോധിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആരോടും വിവേചനം ഇല്ല. എന്നാല്‍ അവഗണിച്ചും പരിഹസിച്ചും എതിരാക്കുകയെന്ന നയം സര്‍ക്കാരിനുണ്ടോയെന്നു സംശയം തോന്നുന്നു.
മാധ്യമ പ്രവര്‍ത്തകരെ വാടകക്കാരായി വിശേഷിപ്പിച്ചതു തിരുത്താന്‍ മുഖ്യമന്ത്രി തയാറാകുമെന്നു പ്രതീക്ഷിക്കുന്നു.
മാധ്യമ പ്രവര്‍ത്തകരോടുള്ള അസഹിഷ്ണുത മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതു നിര്‍ഭാഗ്യകരമാണ്. മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കായി ആരെയും വാടകയ്ക്ക് എടുക്കാറില്ല. വാര്‍ത്താപരമായ പ്രാധാന്യം ഉണ്ടെങ്കില്‍ ആര് ആവശ്യപ്പെട്ടാലും ലേഖകര്‍ എത്തും. അതു വാടക പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുന്നതു ഗര്‍ഹണീയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച്‌ സത്യസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ തയ്യാറാകണമെന്നു കെയുഡബ്ലിയുജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി റഹിം, സെക്രട്ടറി ബി.എസ്.പ്രസന്നന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളെ ഒറ്റപ്പെടുത്താന്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാനേ മുഖ്യമന്ത്രിയുടെ പ്രസ്താവന സഹായിക്കുകയുള്ളൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.