ബിജെപി സംസ്ഥാന ഒാഫിസിനു നേരെയുണ്ടായ ആക്രമണം കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടെന്ന് നിര്‍മല സീതാരാമന്‍

147

ന്യൂഡല്‍ഹി • ബിജെപി സംസ്ഥാന ഒാഫിസിനു നേരെയുണ്ടായ ആക്രമണം അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി നിര്‍മല സീതാരാമന്‍. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുവെന്നും അക്രമം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.കേരളത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് സിപിഎം പ്രവര്‍ത്തകരാണ്. സംസ്ഥാന ഘടകത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഇടപെടണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇന്നലെ അര്‍ധരാത്രിയാണ് തിരുവനന്തപുരത്തെ കുന്നുകുഴിയിലുള്ള ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം ഉണ്ടായത്.ഓഫിസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. നാടന്‍ ബോംബ് ആക്രമണമാണെന്നു ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ഏറുപടക്കമാണെന്നാണു പൊലീസിനു കിട്ടിയ ആദ്യ സൂചന.
സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു വരെ കുമ്മനം രാജശേഖരന്‍ ഈ ഒാഫിസില്‍ ഉണ്ടായിരുന്നുവെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികണം.

NO COMMENTS

LEAVE A REPLY