മുഖ്യമന്ത്രി റിസര്‍വ് ബാങ്കിനു മുന്നില്‍ നടത്താന്‍ പോകുന്ന സമരം കള്ളപ്പണക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നത് : കുമ്മനം രാജശേഖരന്‍

185

തിരുവനന്തപുരം • മുഖ്യമന്ത്രി റിസര്‍വ് ബാങ്കിനു മുന്നില്‍ നടത്താന്‍ പോകുന്ന സമരം കള്ളപ്പണക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അകലങ്ങളില്‍ ഇരുന്നാണെങ്കിലും കള്ളപ്പണക്കാരാണ് ഈ സമരത്തിനു കയ്യടിക്കുന്നതെന്നും കുമ്മനം പറഞ്ഞു. കണ്ടെയ്നറില്‍ കള്ളപ്പണം എത്തിയതിനെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണക്കാരുടെയും കരിഞ്ചന്തക്കാരുടെയും ദല്ലാള്‍മാരായി യുഡിഎഫും എല്‍ഡിഎഫും മാറി. കള്ളപ്പണക്കാരുടെ സാമ്രാജ്യമായി കേരളത്തെ മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അട്ടിമറിക്കേണ്ടതു കള്ളപ്പണക്കാരുടെ ആവശ്യമാണ്. ഇതിനു സംസ്ഥാന സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്. ഇതിനായാണ് ഭരണഘടനാ സ്ഥാപനമായ ആര്‍ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത്.
സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചു പ്രവര്‍ത്തിക്കണമെന്നു മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതു ചെയ്യാത്തത് കള്ളപ്പണക്കാരെ സഹായിക്കാനാണ്. ചില സഹകരണ സംഘങ്ങളില്‍ കള്ളപ്പണമുണ്ടെന്നു കേന്ദ്ര ആദായനികുതി വകുപ്പു തന്നെ കണ്ടെത്തിയതാണ്. അവരെ നിയന്ത്രിക്കാതെ, കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ തിരിയുന്നത് സ്വന്തം പരാജയം മറയ്ക്കാനാണെന്നും കുമ്മനം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്. രാജീവ്, ആര്‍.എസ്. സമ്ബത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് അനുരാജ്, ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, മണവാരി രതീഷ്, രഞ്ജിത്ത് ചന്ദ്രന്‍ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY