കുടിവെള്ള പദ്ധതിയുടെ ടാങ്ക് വീടിനു മുകളിലേക്കു വീണ് കുട്ടി മരിച്ചു

201

പുത്തൂര്‍(കൊല്ലം): വീടിനു മുകളിലേക്കു കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ ടാങ്ക് പതിച്ച്‌ഏഴ് വയസുകാരനു ദാരുണാന്ത്യം. അമ്മക്കും സഹോദരിക്കും ഗുരുതരമായി പരുക്കേറ്റു. എഴുകോണ്‍ കൈതക്കോട് വേലംപൊയ്ക ബിജുഭവനത്തില്‍ ആഞ്ചലോസിന്‍റെ മകന്‍ അബി (9) ആണ് മരിച്ചത്. അബിയുടെ അമ്മ ബീന (28),സഹോദരി സ്നേഹ (4) എന്നിവരെ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് കുട്ടികളുടെ മുത്തശി ഉഷ ഇവര്‍ക്ക് ഭക്ഷണം വിളന്പി നല്‍കുന്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയും മുറിക്കുള്ളിലേക്ക് കയറിവന്നു. ഈ സമയം സമീപത്ത് ശുദ്ധ ജലപദ്ധതിക്കായി ഇരുപത് അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ടാങ്കും അതുറപ്പിച്ചിരുന്ന ഇരുന്പ് തൂണും ഒന്നിച്ച്‌ മറിഞ്ഞ് വീടിന് മുകളിലേക്കു വീഴുകയായിരുന്നു. ഷീറ്റ് മേഞ്ഞ വീട് തകര്‍ത്തുകൊണ്ട് നിറയെ വെള്ളത്തോടു കൂടി പതിച്ച ടാങ്ക് പൊട്ടിച്ചിതറി. ഷീറ്റ് ഉള്‍പ്പെടെ ദേഹത്ത് വീണാണ് അബി മരിച്ചത്. അമ്മയും മക്കളും ടാങ്കിനടിയില്‍പെട്ടു. മുത്തശിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മൂവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബിയെ രക്ഷിക്കാനായില്ല. പട്ടികജാതി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി 48 ലക്ഷം രൂപ മുടക്കി നടപ്പാക്കിയ ശുദ്ധജലപദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ടാങ്കാണ് അപകടത്തിനിടയാക്കിയത്.