കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ജീവന്‍ കൊടുത്ത് യാത്രക്കാരെ രക്ഷിച്ചു

237

കൊച്ചി: അപകടം മുന്നിലെത്തിയപ്പോള്‍ സ്വന്തം ജീവന്‍ ബലികൊടുത്ത് നിരവധി പേരെ രക്ഷിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. ഒരാഴ്ച മുന്‍പ് സേലം ഹൈവേയിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട കോട്ടയം-ബെംഗളൂരു ഗരുഡ വോള്‍വോ ബസ്സിലെ ഡ്രൈവര്‍ ജോണ്‍ കെന്നഡിയെക്കുറിച്ചാണ് അനന്തു എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ബസ്സിലെ ആദ്യ സീറ്റില്‍ യാത്രക്കാരനായ അനന്തു താന്‍ അപകടം യാദൃച്ഛികമായി കാണാനിടയായതിനെ കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. സംഭവത്തില്‍ കെഎസ്‌ആര്‍ടിസിയ്ക്കും ഡ്രൈവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ ധാരാളം അഭിപ്രായപ്രകടനങ്ങള്‍ കണ്ടെന്നും ഓണ്‍ലൈനിലും ഓഫ്ലൈനിലും യാഥാര്‍ത്ഥ്യമറിയാതെ വെറുതേ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് തന്റെ പോസ്റ്റെന്നും അനന്തു കുറിപ്പില്‍ പറയുന്നു.
ഒരു വാഹനത്തെ മറികടന്ന് വലത്തെ ട്രാക്കിലെത്തിയ ബസിനു മുന്നിലുണ്ടായിരുന്ന ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്ന് അനന്തു പറയുന്നു. കൂട്ടിയിടി ഒഴിവാക്കാന്‍ ഒരു സാഹചര്യവും ഇല്ലാതിരുന്നിട്ടും ബസ് ഇടത്തേക്ക് പരമാവധി വെട്ടിച്ച്‌ സ്വന്തം ജീവന്‍ ബലികൊടുത്ത പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ജോണ്‍ കെന്നഡി (52) വന്‍ദുരന്തം ഒഴിവാക്കുകയായിരുന്നെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.ഹൈവേയുടെ നടുക്ക് മീഡിയനില്‍ പണപ്പിരിവിനായി നിന്നിരുന്ന കര്‍ണാടക പോലീസ് കൈ കാണിച്ചതിനാലാണ് ലോറി പെട്ടെന്ന് നിര്‍ത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇവിടെ ഇത് പതിവാണെന്നും ഇത്തരത്തില്‍ അപകടം ഉണ്ടാകുന്നത് ആദ്യമല്ലെന്നും പോസ്റ്റില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY