കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും

227

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍. പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ശമ്ബളവും പെന്‍ഷനും മുഴുവന്‍ തുകയും നല്‍കണമെന്ന ആവശ്യത്തില്‍ യൂണിയനുകള്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരിയിലെ ശമ്ബളവും രണ്ടു മാസത്തെ പെന്‍ഷനും മുടങ്ങിയതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി, കോണ്‍ഗ്രസ് സംഘടനയായ ടി.ഡി.എഫ്, ബി.എം.എസിന്റെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസ് പൂര്‍ണ്ണമായും സ്തംഭിക്കുമെന്ന് ഉറപ്പായി. ശമ്ബളവും പെന്‍ഷനും മുടങ്ങുന്നത് തുടര്‍ച്ചയായതോടെ കഴിഞ്ഞ മാസം സി.പി.എം സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശമ്ബളവും പെന്‍ഷനും കൃത്യമായി നല്‍കാമെന്ന് അന്നു നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് വീണ്ടും പണിമുടക്കിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്ബളം നല്‍കാന്‍ മാത്രം കെ.എസ്.ആര്‍.ടി.സിക്ക് 70 കോടി രൂപ വേണം. ഇതിനു പുറമേയാണ് രണ്ടു മാസത്തെ പെന്‍ഷന്റെ ബാധ്യതയും. കഴിഞ്ഞ മാസങ്ങളില്‍ വായ്പകള്‍ എടുത്താണ് ശമ്ബളവും പെന്‍ഷനും വിതരണം ചെയ്തത്.

NO COMMENTS

LEAVE A REPLY